കോഴിക്കോട്- കുറ്റിയാടിക്കടുത്തുള്ള കടിയങ്ങാട് പാലേരി സ്വദേശിയായ രജിന്‍ലാല്‍ മരിച്ചത് ഒഴുക്കില്‍പെട്ടാണെന്നും അപകടം ഫോട്ടോ ഷൂട്ടിനിടെ അല്ലെന്നും വിശദീകരിച്ച് പോലീസ്. ഭാര്യയോടൊപ്പം വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെ പുഴയില്‍ വീണ് മരിച്ചുവെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഫോട്ടോഷൂട്ടിനിടയിലല്ല അപകടമുണ്ടായതെന്ന് ബന്ധുക്കളും വ്യക്തമാക്കി. രജിന്‍ ലാലിനൊപ്പം ഭാര്യയായ കണികയും ഭാര്യാ പിതാവ് സുരേഷും ഒഴുക്കില്‍പ്പെട്ടിരുന്നുവെങ്കിലും അവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.
അടുത്ത ദിവസം വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു മരിച്ച രജിന്‍ലാല്‍. വീടിനടത്തുള്ള ദമ്പതിമാര്‍ പുഴയോരത്തേക്ക് പോയതായിരുന്നു. ഭാര്യയുടെ പിതാവായ സുരേഷും ബന്ധുവായ പെണ്‍കുട്ടിയും കൂടെ ഉണ്ടായിരുന്നു. രണ്ട് ബൈക്കുകളിലായാണ് ഇവര്‍ പോയത്. ആദ്യം സുരേഷ് പുഴയിലേക്കിറങ്ങി. പുഴയില്‍ മുട്ടിന് മുകളില്‍ വരെ മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. വെള്ളം കുറവായതിനാല്‍ രജിന്‍ലാലും ഭാര്യ കണികയും അവിടെ ഇറങ്ങി. ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി നീന്തല്‍ അറിയാത്തതിനാല്‍ പുഴയില്‍ ഇറങ്ങിയിരുന്നില്ല. മലവെള്ളപ്പാച്ചിലിന് സമാനമായ രീതിയില്‍ വെള്ളം കുത്തിയൊലിച്ച് വന്നതോടെ മൂന്നുപേരും ഒഴുക്കില്‍ പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്തുള്ളവര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ സുരേഷിനേയും കണികയേയും രക്ഷപ്പെടുത്താനായി. എന്നാല്‍ രജിന്‍ലാലിനെ പുറത്തെടുത്ത സമയത്ത് തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം 14നായിരുന്നു രജിന്‍ലാലിന്റെയും കണികയുടെയും വിവാഹം.






