ജയ്പൂര്‍- സംഘ്പരിവാര്‍ ബൈക്ക് റാലിക്കുനേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് തുടങ്ങിയ അക്രമം തുടരുന്ന രാജസ്ഥാനിലെ കരൗലിയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ക്രമസമാധാന നില കണക്കിലെടുത്താണ് ഏപ്രില്‍ ഏഴുവരെ കര്‍ഫ്യൂ നീട്ടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഹാള്‍ ടിക്കറ്റുകള്‍ പരിശോധിച്ച ശേഷം വിദ്യാര്‍ത്ഥികളെ അവരുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ അനുവദിക്കുന്നു്.
കര്‍ഫ്യൂ തുടരുമെങ്കിലും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ രണ്ട് മണിക്കൂര്‍ ഇളവ് നല്‍കുമെന്ന് കരൗലി ജില്ലാ കലക്ടര്‍ രാജേന്ദ്ര ഷെഖാവത്ത് പറഞ്ഞു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 13 പേരെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടതായി എ.എസ്.പി കിഷോര്‍ ബുട്ടോലിയ പറഞ്ഞു.
തിങ്കളാഴ്ച അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് രണ്ട് മണിക്കൂര്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കോടതികളും തുറന്നു പ്രവര്‍ത്തിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച ശേഷമാണ് ജീവനക്കാരെ ഓഫീസുകളിലെത്തിച്ചത്.
പുതുതായി അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കരൗലിയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ഹിന്ദു പുതുവത്സര ദിനത്തില്‍ മുസ്ലിംകള്‍ തിങ്ങിതാമസിക്കുന്ന പ്രദേശത്തുകൂടി കടന്നുപോയ ബൈക്ക് റാലിക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് ശനിയാഴ്ച വ്യാപകമയ തീവെപ്പും അക്രമങ്ങളുമുണ്ടായത്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്), ബജ്‌റംഗ്ദള്‍ എന്നിവയുള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകളാണ് റാലി നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.
കലാപത്തിന് ശേഷം 46 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ഫ്യൂ ഉത്തരവ് ലംഘിച്ചതിന് 13 പ്രതികള്‍ക്കെതിരെ കേസെടുക്കുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 21 വാഹനങ്ങള്‍ പിടിച്ചെടുത്തതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പട്രോളിംഗ് തുടരുന്ന പോലീസ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മുന്‍കരുതലയാണ് കര്‍ഫ്യൂ തുടരുന്നതെന്നും അധികൃതര്‍ പറഞ്ഞു. നഗരത്തില്‍ പോലീസ് വീണ്ടും ഫഌഗ് മാര്‍ച്ച് നടത്തി.
ശനിയാഴ്ച അക്രമികള്‍ തീയിട്ട വീട്ടില്‍ നിന്ന് നാല് പേരെ രക്ഷിച്ച കരൗലി കോട് വാലി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ നേത്രേഷ് ശര്‍മ്മയെ (31) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിനന്ദിച്ചു. ഇദ്ദേഹത്തിന് ഹെഡ് കോണ്‍സ്റ്റബിളായി സ്ഥാനക്കയറ്റം നല്‍കിയിട്ടുമുണ്ട്. ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷാദൗത്യം എത്ര പ്രശംസിച്ചാലും മതിയാകില്ലെന്ന് ശര്‍മയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ശനിയാഴ്ച കരൗലിയില്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കുമാണ് തീയിട്ടത്. ഒരു വീട്ടില്‍ കുടങ്ങിയ മൂന്ന് സ്ത്രീകളേയും ഒരു കുട്ടിയേയുമാണ് ശര്‍മ സുരക്ഷിതമായി പുറത്തെത്തിച്ചത്.