ബിരുദ കോഴ്‌സില്‍ പഠിക്കാന്‍ സ്ത്രീധനത്തിന്റെ ഗുണങ്ങളും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് ആവശ്യം

മുംബൈ-സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ മോശം ഉള്ളടക്കമുള്ള പാഠ പുസ്തകം ഉടന്‍ മാറ്റണമെന്ന് ശിവ സേന എംപി പ്രിയങ്ക ചതുര്‍വേദി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടു.  രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള ടെക്സ്റ്റ്ബുക്ക് ഓഫ് സോസ്യോളജി ഫോര്‍ നഴ്‌സസ് എന്ന പാഠപുസ്തകത്തിലാണ് സ്ത്രീ വിരുദ്ധവും സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമുള്ള ഉള്ളടക്കം ഉള്ളത്. ടി കെ ഇന്ദ്രാണി ആണ് ഈ വിവാദ പുസ്തകം എഴുതിയിരിക്കുന്നത്. 

സ്ത്രീധന സംവിധാനത്തിന്റെ ഗുണങ്ങളും മെച്ചങ്ങളും എന്ന പേരില്‍ പലതും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. സ്ത്രീധനം നിലനില്‍ക്കുന്നതിനാല്‍ നിരവധി രക്ഷിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ആരംഭിച്ചു. പെണ്‍കുട്ടിക്ക് വിദ്യാഭ്യാസമോ ജോലിയോ ഉണ്ടായാല്‍ സ്ത്രീധനം ആവശ്യപ്പെടുന്നത് കുറയും. ഇത് പരോക്ഷമായ ഗുണമാണ്. ആകര്‍ഷകമായ സ്ത്രീധനം ഉണ്ടെങ്കില്‍ വിരൂപികളായ പെണ്‍കുട്ടികളെ നല്ലതോ വിരൂപികളോ ആയ പയ്യന്‍മാര്‍ക്ക് വിവാഹം ചെയ്തു നല്‍കാമെന്നും ഈ പുസ്തകത്തില്‍ പറയുന്നതായും ചതുര്‍വേദി ചൂണ്ടിക്കാട്ടി. 

വളരെ മോശവും പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ ഇത്തരം പരാമര്‍ശങ്ങള്‍ ഉള്ള പുസ്തകം പഠിപ്പിക്കപ്പെടുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികള്‍ക്ക് ഇത്തരം മോശം ഉള്ളടക്കമുള്ള പുസ്തകം നല്‍കിയതിനെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല എന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ചതുര്‍വേദി പറഞ്ഞു.

Latest News