ന്യൂദല്‍ഹി- കോര്‍പ്പറേറ്റുകളും വന്‍കിട ബിസിനസ് സ്ഥാപനങ്ങളും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് 921.95 കോടി രൂപ. ഇതില്‍ 720.40 കോടി രൂപയും കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിക്കാണ് ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2017-18നും 2018-19നും ഇടയില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന 109 ശതമാനം വര്‍ധിച്ചതായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നടത്തിയ വിശകലനത്തില്‍ പറയുന്നു.
സാമ്പത്തിക വര്‍ഷത്തില്‍ 20,000 രൂപയ്ക്ക് മുകളില്‍ സംഭാവന സ്വീകരിച്ചതു സംബന്ധിച്ച് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.
ബിജെപി, കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി), തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളാണ് പരിശോധിച്ചത്.
2019-20 സാമ്പത്തിക വര്‍ഷം 2025 കോര്‍പറേറ്റ് ദാതാക്കളില്‍നിന്ന് 720.40 കോടി രൂപയാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് 154 ദാതാക്കളില്‍നിന്നായി 133.04 കോടി രൂപ സംഭാവനയായി സ്വീകരിച്ചു. 36 കോര്‍പ്പറേറ്റ് ദാതാക്കളില്‍ നിന്ന് എന്‍.സി.പിക്ക് ലഭിച്ചത് 57.086 കോടി രൂപയാണ്.
2019-20 വര്‍ഷം കോര്‍പ്പറേറ്റുകളില്‍നിന്ന് സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം വ്യക്തമാക്കി.
2019-20ല്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രസ്റ്റ് ഒരു വര്‍ഷത്തിനിടെ 38 തവണ വീതം രണ്ട് പാര്‍ട്ടികള്‍ക്കും സംഭാവന നല്‍കി, മൊത്തം 247.75 കോടി രൂപ.
ബിജെപിക്ക് 216.75 കോടിയും കോണ്‍ഗ്രസിന് 31.00 കോടിയും പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്ന് ലഭിച്ചു. 2019-20ല്‍ എന്‍സിപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ബിജി ഷിര്‍കെ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി െ്രെപവറ്റ് ലിമിറ്റഡായിരുന്നുവെന്നും വിശകലനത്തില്‍ പറയുന്നു.






