റിയാദ്- ഈ വർഷത്തെ കിംഗ് ഫൈസൽ അന്താരാഷ്ട്ര അവാർഡുകൾ തിങ്കളാഴ്ച വിതരണം ചെയ്യും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും കിംഗ് ഫൈസൽ ഫൗണ്ടേഷൻ സി.ഇ.ഒയുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെയും മന്ത്രിമാരുടെയും രാജകുമാരന്മാരുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ സൽമാൻ രാജാവാണ് നാൽപതാമത് കിംഗ് ഫൈസൽ അവാർഡുകൾ സമ്മാനിക്കുക.
അവാർഡ് ജേതാക്കളെ രണ്ടു മാസം മുമ്പ് ഖാലിദ് അൽഫൈസൽ രാജകുമാരൻ പ്രഖ്യാപിച്ചിരുന്നു. ഇസ്‌ലാമിക സേവന വിഭാഗത്തിൽ ഇന്തോനേഷ്യൻ പ്രൊഫസർ ഇർവാൻഡി ജാസ്‌വിറിനാണ് പുരസ്‌കാരം. ഹലാൽ സയൻസ് മേഖലയിലെ സംഭാവനകളും ഭക്ഷണങ്ങളിലെ ഹലാലല്ലാത്ത വസ്തുക്കൾ വേഗത്തിൽ തിരിച്ചറിയുന്നതിന് സഹായിക്കുന്ന പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചതുമാണ് മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽ ഫുഡ്, ബയോകെമിസ്ട്രി വിഭാഗം പ്രൊഫ. ഇർവാൻഡി ജാസ്‌വിറിനെ അവാർഡിന് അർഹനാക്കിയത്. ഭക്ഷ്യവസ്തുക്കളിലെ മദ്യത്തിന്റെയും പന്നിക്കൊഴുപ്പിന്റെയും സാന്നിധ്യങ്ങൾ സെക്കന്റുകൾക്കകം തിരിച്ചറിയുന്നതിന് സഹായിക്കുന്ന, കൊണ്ടുനടക്കാവുന്ന ഇലക്‌ട്രോണിക് ഉപകരണം (പോർട്ടബിൾ ഇലക്‌ട്രോണിക് നോസ്) അടക്കമുള്ള സംവിധാനങ്ങളാണ് ഇദ്ദേഹം വികസിപ്പിച്ചത്.
ഇസ്‌ലാമിക പഠന വിഭാഗത്തിൽ ജോർദാനിൽനിന്നുള്ള പ്രൊഫസർ ബശാർ അവാദിനാണ് അവാർഡ്. അറബി ഭാഷാ, സാഹിത്യ വിഭാഗത്തിൽ തുനീഷ്യയിൽ നിന്നുള്ള പ്രൊഫ. ശുക്‌രി മബ്ഖൂത്തിനും വൈദ്യശാസ്ത്ര വിഭാഗത്തിൽ അമേരിക്കയിൽ നിന്നുള്ള പ്രൊഫ. ജെയിംസ് പി. അലിസണും ശാസ്ത്ര വിഭാഗത്തിൽ ബ്രിട്ടീഷ് പൗരനും ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി പ്രൊഫസറുമായ സർ ജോൺ എം. ബാളും അവാർഡിന് അർഹരായി. സർട്ടിഫിക്കറ്റും 200 ഗ്രാം തൂക്കമുള്ള, 24 കാരറ്റ് സ്വർണ മെഡലും രണ്ട് ലക്ഷം ഡോളറും ജേതാക്കൾക്ക് സമ്മാനമായി ലഭിക്കും.
ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനങ്ങൾ, അറബ് സാഹിത്യം, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ അഞ്ച് വിഭാഗങ്ങളിലാണ് കിംഗ് ഫൈസൽ അവാർഡുകൾ നൽകിവരുന്നത്. 1979 (ഹിജ്‌റ 1399) മുതലാണ് കിംഗ് ഫൈസൽ അവാർഡുകൾ നൽകിത്തുടങ്ങിയത്. തുടക്കത്തിൽ ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനങ്ങൾ, അറബ് സാഹിത്യം എന്നീ മൂന്നു വിഭാഗങ്ങളിലാണ് അവാർഡ് നൽകിയിരുന്നത്. ഹിജ്‌റ 1402 ൽ വൈദ്യശാസ്ത്ര മേഖലയിലും 1403 ൽ ശാസ്ത്ര മേഖലയിലും പുരസ്‌കാരങ്ങൾ നൽകിത്തുടങ്ങി.