Sorry, you need to enable JavaScript to visit this website.

ലെവി ഇൻവോയ്‌സ്:  വാണിജ്യ മന്ത്രി ഇടപെടുന്നു

റിയാദ് - ലെവി ഇൻവോയ്‌സ് നടപ്പാക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിനോടും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയോടും ആവശ്യപ്പെട്ടു. ലെവി ഇൻവോയ്‌സ് മൂലമുള്ള പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു. 
ലെവി ഇൻവോയ്‌സ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ ചേംബർ ഓഫ് കൊമേഴ്‌സുകൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിനോടും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയോടും മന്ത്രി ആവശ്യപ്പെട്ടത്. 
ലെവി ഇൻവോയ്‌സിനെതിരെ കടുത്ത പ്രതിഷേധമാണ് സ്വകാര്യ മേഖല ഉയർത്തുന്നത്. ഭീമമായ തുകയുടെ ലെവി ഇൻവോയ്‌സുകളാണ് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലഭിച്ചിരിക്കുന്നത്. ഇന്ധന, വൈദ്യുതി നിരക്കുകളും ലെവിയും ഉയർത്തിയത് അടക്കമുള്ള പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങൾ തിരിച്ചടിയായി മാറുകയാണെന്നാണ് സ്വകാര്യ മേഖല വാദിക്കുന്നത്. 2018 ജനുവരി ഒന്നിനു മുമ്പായി പുതിയ ഇഖാമയും വർക്ക് പെർമിറ്റും നേടുകയോ ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുകയോ ചെയ്തവരുടെ വർക്ക് പെർമിറ്റുകളിൽ ഈ വർഷത്തിൽ അവശേഷിക്കുന്ന കാലത്തേക്കുള്ള പുതിയ നിരക്കിലുള്ള ലെവി ഈടാക്കുന്നതിനാണ് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇൻവോയ്‌സ് നൽകിയിരിക്കുന്നത്. 
ഒരു തവണ ലെവി അടച്ച് വർക്ക് പെർമിറ്റ് നേടിയ തൊഴിലാളികൾക്ക് വീണ്ടും ലെവി ഈടാക്കരുതെന്നും ഒരു വർഷത്തേക്കുള്ള ലെവി ഒരുമിച്ച് മുൻകൂറായി ഈടാക്കുന്നതിനു പകരം ലെവി പ്രതിമാസം അടയ്ക്കുന്നതിന് സംവിധാനമേർപ്പെടുത്തണമെന്നും പുതുതായി 12 മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ വ്യവസായികൾ ദിവസങ്ങൾക്കു മുമ്പ് തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസിനെ കണ്ടിരുന്നെങ്കിലും മന്ത്രിയുടെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. ലെവി ഇൻവോയ്‌സ് മൂന്നു ഗഡുക്കളായി അടയ്ക്കുന്നതിന് മന്ത്രാലയം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലെവി  അടയ്ക്കുന്നതിനുള്ള സമയം മൂന്നു മാസത്തിൽ നിന്ന് ആറു മാസമായി ദീർഘിപ്പിച്ചിട്ടുമുണ്ട്. 
 

Latest News