Sorry, you need to enable JavaScript to visit this website.

അസ്ഥിരതക്ക് ശ്രമിക്കുന്ന ഇറാൻ മേഖലക്ക് ഭീഷണി- ഖാലിദ് ബിൻ സൽമാൻ

സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അമേരിക്കയിലെ സൗദി  അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ സംസാരിക്കുന്നു. 

റിയാദ് - സൗദി അറേബ്യയെ മാത്രമല്ല, മധ്യപൗരസ്ത്യദേശത്ത് മുഴുവൻ അസ്ഥിരതയുണ്ടാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അമേരിക്കയിലെ സൗദി അംബാസഡറും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ മകനുമായ ഖാലിദ് രാജകുമാരൻ പറഞ്ഞു. സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേഖലാ രാജ്യങ്ങൾക്ക് ഇറാൻ സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ച് ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകിയത്. യെമനിൽ മറ്റൊരു ഹിസ്ബുല്ലക്ക് രൂപംനൽകുന്നതിനാണ് ഇറാൻ ആഗ്രഹിക്കുന്നത്. 
അറബ്, മുസ്‌ലിം രാജ്യങ്ങളിൽ സ്വാധീനം വിപുലമാക്കാനുള്ള ഇറാന്റെ ആഗ്രഹമാണ് പ്രശ്‌നം. യെമനിലെ ഹൂത്തി മിലീഷ്യകൾക്ക് പിന്തുണ നൽകുന്നത് ഇറാനാണ്. ഭീകരതയുടെ ഏറ്റവും വലിയ സ്‌പോൺസർമാരായ ഇറാൻ മേഖലക്കും ലോകത്തിനും ഏറ്റവും വലിയ ഭീഷണിയാണ്. ശത്രുതാപരമായ പെരുമാറ്റം ഇറാൻ തുടരുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ പൗരന്മാർക്കും രാഷ്ട്രത്തിനും സംരക്ഷണം നൽകുന്നതിന് സാധ്യമായതെല്ലാം സൗദി അറേബ്യ ചെയ്യും. ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ സൗദി അറേബ്യക്കു നേരെ 95 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തിട്ടുണ്ട്. 
യെമന് ഏറ്റവും കൂടുതൽ പിന്തുണയും സഹായവും നൽകുന്ന രാജ്യമാണ് സൗദി അറേബ്യ. യെമനിലെ എല്ലാ പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സമഗ്ര പദ്ധതിയാണ് നടപ്പിലാക്കുന്നത്. 
സമഗ്ര ദേശീയ പരിവർത്തനത്തിനുള്ളതാണ് വിഷൻ 2030 പദ്ധതി. നിരവധി പരിഷ്‌കരണങ്ങൾ സൗദി അറേബ്യ നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ ഓഹരി വിപണിക്ക് നേതൃത്വം നൽകുന്നത് സൗദി വനിതയാണ്. സൗദി സമൂഹത്തിൽ വനിതകൾക്കുള്ള സ്ഥാനമാണ് ഇത് സൂചിപ്പിക്കുന്നത്. സൗദി ശൂറാ കൗൺസിലിലെ വനിതാ അനുപാതം അമേരിക്കൻ കോൺഗ്രസിലെ വനിതാ അനുപാതത്തെക്കാൾ കൂടുതലാണ്. നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും വനിതകൾക്ക് അവകാശം നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് അനുമതി വൈകാതെ നിലവിൽവരുമെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 
വനിതകൾക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പുവരുത്തുകയാണെന്ന് വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഹജ്, ഉംറ തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തിവരികയാണ്. വൻകിട പദ്ധതികളിൽ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തുന്നു. വിദേശ വിനോദ സഞ്ചാരികൾക്കു മുന്നിൽ രാജ്യത്തിന്റെ കവാടങ്ങൾ തുറന്നിട്ടിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖല പുനഃസംഘടിപ്പിച്ചുവരികയാണ്. 
ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ സൗദി അറേബ്യ അമേരിക്കയുമായി യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് സൗദി വിദ്യാർഥികൾ അമേരിക്കയിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്. സൗദി വ്യവസായികൾ നൂറുകണക്കിന് ബില്യൺ ഡോളറാണ് അമേരിക്കയിൽ മുതൽമുടക്കിയിരിക്കുന്നത്. സർവ മേഖലകളിലും ഉഭയകക്ഷിബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനുള്ള സുവർണാവസരമാണ് കിരീടാവകാശി സൽമാൻ രാജകുമാരന്റെ അമേരിക്കൻ സന്ദർശനമെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 

 

Latest News