ജിദ്ദ ഇന്റർനാഷണൽ സ്‌കൂളിൽ പുതിയ തസ്തികയുണ്ടാക്കരുതെന്ന് നവധാര

ജിദ്ദ- ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് പുതിയതായി തസ്തിക സൃഷ്ടിച്ച് പ്രധാന അധ്യാപകരെ നിയമിക്കാനുള്ള മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് നവധാര ആവശ്യപ്പെട്ടു. 
സ്‌കൂൾ ആരംഭിച്ച് ഇക്കാലം വരെയും ഒൻപത് മുതൽ പന്ത്രണ്ടു വരെ ഒരു ബോഡിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ തന്നെ ആൺ, പെൺകുട്ടികൾക്ക് വേറെ തന്നെ രണ്ട് വൈസ് പ്രിൻസിപ്പലുമുണ്ട്.  നിലവിൽ പത്താം ക്ലാസിനു ശേഷം കുട്ടികളെ നാട്ടിലയക്കുന്ന പ്രവണത വർധിക്കുകയും ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ ഗണ്യമായി കുറയാൻ സാധ്യത ഏറെയായിട്ടും  നാലു ക്ലാസ് മാത്രം പ്രവർത്തിക്കുന്ന പതിനൊന്നും പന്ത്രണ്ടും ക്ലാസിനെ ഒരു വിഭാഗമാക്കി മാറ്റാനുള്ള നീക്കം ഗുരുതര സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ രക്ഷിതാക്കളെ കുടുതൽ ദുരിതത്തിലാക്കാനും മാത്രമേ ഉപകരിക്കൂവെന്നും നവധാര കുറ്റപ്പെടുത്തി. മറ്റുള്ള ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളുകളിൽ ഒമ്പതും പത്തും ക്ലാസുകളിൽ പ്രധാന അധ്യാപക തസ്തിക ഉണ്ടായിട്ടും നാളിതുവരെ ജിദ്ദയിലെ സ്‌കൂളിന്റെ നിലവാരത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന യാഥാർഥ്യം മറച്ചുവെച്ച് ശമ്പളം വാങ്ങുന്ന ചുമതല മാത്രം നിർവ്വഹിക്കുന്ന നോക്കുകുത്തികളുടെ പുതിയ തസ്തിക സൃഷ്ടിച്ച് തങ്ങളുടെ ഇഷ്ടക്കാരെ പ്രതിഷ്ഠിക്കാനുള്ള ചെയർമാന്റെ താൽപര്യം അന്വേഷണ വിധേയമാക്കണമെന്നും നവധാര ആവശ്യപ്പെട്ടു.  പുതിയ അധ്യയന വർഷം ജിദ്ദയുൾപ്പെടെയുള്ള കമ്യൂണിറ്റി സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം എത്രയാണെന്ന് പരിശോധിച്ചാൽ മാനേജ്‌മെന്റ് കമ്മറ്റിയുടെ താൽപര്യം വ്യക്തമാകും. 
ഒമ്പതു മുതൽ പന്ത്രണ്ടാം ക്ലാസു വരെയുള്ള പ്രധാന അധ്യാപകരുടെയും വൈസ് പ്രിൻസിപ്പലിന്റെയും ചുമതല എന്താണെന്ന് വ്യക്തമാക്കാത്ത കമ്മിറ്റി ഒറ്റ ക്ലാസു പോലും എടുക്കാത്ത നോക്കുകൂലി മാത്രം വാങ്ങാനായി തസ്തിക സൃഷ്ടിക്കുകയാണ്. ഇത് സ്‌കൂളിനും രക്ഷിതാക്കൾക്കും കടുത്ത ബാധ്യതയുണ്ടാക്കും. വിദ്യാർഥികളുടെ പഠന നിലവാരമുയർത്തുമെന്ന  വാദം അസംബന്ധമാണ്.
പതിന്നൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള എൻട്രൻസ് കോച്ചിംഗിന് അപേക്ഷിച്ച കുട്ടികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കണം. ഈ മാർച്ചിൽ സ്‌കൂളിൽ നിന്നും എത്ര കുട്ടികൾ ടി സി വാങ്ങിപ്പോകുന്നതെന്നും പ്രസിദ്ധീകരിക്കാൻ കമ്മിറ്റി തയ്യാറാകണം. ആറു മുതൽ എട്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികളുടെ വിഭാഗം പ്രധാന അധ്യാപികയില്ലാതെ വൈസ് പ്രിൻസിപ്പലിന്റെ ചുമതലയിലാണ്. പ്രധാന അധ്യാപിക രാജിവെക്കുന്നതിന്റെ രണ്ട് മാസം മുമ്പ് അപേക്ഷ നൽകി നാലു മാസം കഴിഞ്ഞ് ഈ തസ്തികക്ക് രണ്ട് എഴുത്ത് പരീക്ഷ നടത്തി ആറു മാസം കഴിഞ്ഞിട്ടും നിയമനം നടത്താതെ ഒമ്പതിലും പത്തിലും പുതിയ തസ്തിക സൃഷ്ടിക്കാനും നിയമനം നടത്താനും കാണിക്കുന്ന വ്യഗ്രത ദുരൂഹവും പ്രതിഷേധാർഹവുമാണെന്ന് നവധാര ആരോപിച്ചു. എല്ലാ വിഭാഗം ജനങ്ങളും ചെലവുചുരുക്കലും അനാവശ്യ നിയമനങ്ങളും വെട്ടിച്ചുരുക്കുമ്പോൾ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിന്റെ മനേജ്‌മെന്റ് കമ്മിറ്റി തിരുകിക്കയറ്റലും ധൂർത്തും നിർബാധം തുടരുന്നത് ഇന്ത്യൻ സമൂഹം ചെറുത്ത് തോൽപിക്കണമെന്നും നവധാര അഭ്യർത്ഥിച്ചു. 

Latest News