കശ്മീർ കാണാത്തവരെ വശീകരിക്കുന്ന വീഡിയോ വൈറലായി. പോയവരുടെ ഓർമ്മപ്പുസ്തകത്തിൽ നിന്നും കശ്മീർ ഒന്നുകൂടി ഉയിർത്തെഴുന്നേൽക്കും. അത്രക്കു മനോഹരമാണ് കശ്മീരിനെക്കുറിച്ചുള്ള പുതിയ ടൂറിസം വീഡിയോ. 24 മണിക്കൂർ കൊണ്ട് 1 മില്യൺ കാഴ്ചക്കാരെ ആണ് വീഡിയോക്ക് ലഭിച്ചത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലെ വരികൾ എഴുതിയിരിക്കുന്നത് കശ്മീരിലെ ഐഎഎസ് ഓഫീസർ ഷാ ഫൈസലാണ്. കശ്മീർ താഴ്‌വരയുടെ സൗന്ദര്യമത്രയും ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് പശ്ചാത്തലത്തിൽ. കൂടെ ഷാ ഫൈസലിന്റെ വരികൾക്കൊപ്പം ഒഴുകിയെത്തുന്ന സംഗീതവും. യുവ ദമ്പതികൾ കശ്മീർ സന്ദർശിക്കാനെത്തുന്നു, പിന്നീട് വൃദ്ധനായ ടാക്‌സി ഡ്രൈവർക്കൊപ്പമുള്ള അവരുടെ യാത്ര. ഇതാണ് വീഡിയോയുടെ പ്രമേയം. വീഡിയോക്ക് വരികളെഴുതാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഷാ ഫൈസൽ പറഞ്ഞു. വിനോദ സഞ്ചാരികളെ കശ്മീരിലേക്ക് ആകർഷിക്കാൻ വേണ്ട പ്രവർത്തനങ്ങളെല്ലാം ചെയ്യുമെന്നും ഫൈസൽ കൂട്ടിച്ചേർത്തു.






