സമാധാന രാജ്യത്തിന് വേണ്ടിയുള്ള ഒരു പോരാട്ടം അഥവാ മുല്ലപ്പൂ വിപ്ലവത്തിലൂടെ സമാധാനം പുലരുമെന്ന വ്യാമോഹത്തിൽ തുടങ്ങിയ സിറിയൻ യുദ്ധത്തിന് ഏഴു വർഷം പൂർത്തിയായി എട്ടിലേക്ക് കടക്കുമ്പോഴും സംഘർഷം കൂടുതൽ രൗദ്ര ഭാവത്തിലേക്ക് അടുക്കുകയല്ലാതെ സമാധാനം എപ്പോൾ പുലരുമെന്നു വ്യാഖാനിക്കാൻ പോലും ആർക്കും പറ്റാത്തത്ര രൂക്ഷമായ സ്ഥിതി വിശേഷത്തിലാണ് സിറിയ ഇപ്പോൾ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം സാക്ഷിയായ ഏറ്റവും വലിയ കലാപ പ്രേത ഭൂമി. പ്രസിഡന്റ് ബഷാറുൽ അസദിനെ പുറത്താക്കാനായി 2011 മാർച്ച് 15 നു സമാധാനപരമായി ആരംഭിച്ച സിറിയൻ വിപ്ലവം പിന്നീട് ലോകം കണ്ട ഏറ്റവും വലിയ ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു. ഏഴു വർഷം പിന്നിടുമ്പോൾ എവിടെ നോക്കിയാലും ബോംബുകളുടെ മുഴക്കവും ചുടുനിണമൊഴുകി ജീവന് വേണ്ടി യാചിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും രോദനങ്ങളും മാത്രമാണുയരുന്നത്. കൊല്ലപ്പെടുന്നവരും ജീവഛവമായി കിടക്കുന്നവരും നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ഒരു പറ്റം മനുഷ്യർ മാത്രം. ചുടുരക്തം ഊറ്റിക്കുടിക്കാൻ വെമ്പൽ കൊള്ളുന്ന താൽപര്യങ്ങളാണ് ഒരിക്കലും മാറാത്ത രക്തപ്പുഴയായി സിറിയയെ മാറ്റിയത്. കൂട്ടത്തിൽ പാശ്ചാത്യ ശക്തികളുടെ പങ്കും വിസ്മരിക്കാവുന്നതല്ല.
അറബ് വസന്തത്തിന്റെ മുല്ലപ്പൂ മണവുമായി ആദ്യം തുനീഷ്യയിലും പിന്നീട് ഈജിപ്തിലും എത്തിയ കാറ്റ് സിറിയയിലും വീശുകയായിരുന്നു. പക്ഷേ, യാദൃഛികമെന്നു പറയട്ടെ, മറ്റു രാജ്യങ്ങളിലെ വിപ്ലവങ്ങൾ പെട്ടെന്ന് തന്നെ അവസാനിക്കുകയും ഭരണ മാറ്റങ്ങൾ വരികയും ചെയ്തപ്പോൾ തന്നെ സിറിയ ഇപ്പോഴും നിന്ന് കത്തുകയാണ്. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം വിളിച്ചോതുകയും ചരിത്രത്തിനു പുറമെ സമ്പന്നമായ സംസ്‌കാരവും ചേർന്ന് ഉദാത്തമായ ഒരു ദിശാബോധം തന്നെ ഒരു കാലത്ത് ലോകത്തിനു നൽകിയിരുന്ന രാജ്യമായ സിറിയ ഇന്നിപ്പോൾ വെറും മനുഷ്യ ശരീരത്തിന്റെ ചിതറിത്തെറിച്ച അവശിഷ്ടങ്ങൾക്കായി മൃഗങ്ങൾ കൊത്തി വലിക്കുന്ന അവസ്ഥയിലേക്ക് മാറി. ഉന്നതമായ സംസ്‌കാരത്തിൽ പിറന്ന തങ്ങൾക്ക് ഇപ്പോൾ ഭീതിയില്ലാതെ തല ചായ്ക്കാൻ ഒരിടം പോയിട്ട് സുരക്ഷിതമായി കാൽ വെക്കാൻ പോലും ഒരു സ്ഥലം സിറിയയിൽ കാണാതെ നെട്ടോട്ടമോടുകയാണ് അവിടുത്തെ മനുഷ്യർ.
മറന്നു കാണില്ല നാം ഐലാൻ കുർദിയെ. ജീവൻ പേടിച്ച് സിറിയയിൽ നിന്നും പലായനം ചെയ്തു ഒടുവിൽ കടൽക്കരയിൽ മരണം പുൽകിയ ബാലന്റെ ചിത്രം ലോകത്തിന് എങ്ങനെ മറക്കാൻ കഴിയും? സിറിയയിൽ നിന്നും യൂറോപ്പിലേക്കുള്ള പലായനത്തിനിടെ ബോട്ട് തകർന്ന് മുങ്ങിമരിച്ച ബാലനായിരുന്നു അവൻ. ഇങ്ങനെ എത്രയേറെ കുഞ്ഞുങ്ങളെ സിറിയ നമുക്ക് കാണിച്ചു തന്നു? ഇപ്പോഴും അനുസ്യൂതം തുടരുമ്പോഴും ലോകം മൗനത്തിലാണ് -ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ.
അറബ് വസന്തത്തിന്റെ മറവിൽ വിപ്ലവത്തിന് തുടക്കം കുറിച്ച സിറിയയിൽ ഏഴു വർഷം കഴിയുമ്പോൾ 6 ലക്ഷത്തിന് മുകളിൽ മനുഷ്യരുടെ ജീവനെടുത്ത യുദ്ധമായി മാറുകയായിരുന്നു. അന്നത്തെ മുല്ലപ്പൂ വിപ്ലവ സമരത്തിൽ ലക്ഷങ്ങൾ തെരുവിലിറങ്ങിയതോടെ സ്വാഭാവികമായുണ്ടാകുന്ന സൈനിക നീക്കമാണ് ഇത്രയും രൂക്ഷമായ സ്ഥിതി വിശേഷത്തിലേക്ക് കൊണ്ടെത്തിച്ചത്. വിമതരും സർക്കാരും രണ്ട് ധ്രുവങ്ങളിലിരുന്ന് പരസ്പരം പോരടിച്ചു. പ്രധാന നഗരികളായ അലെപ്പൊ, ഹിംസ് , ദമാസ്‌കസ് നഗരങ്ങൾ പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രങ്ങളായി. പക്ഷേ, പതിയെ പ്രക്ഷോഭത്തിന് ശിയാ - സുന്നി മുഖം കൈവന്നു. 2013 ൽ സിറിയയുടെ വടക്കൻ മേഖലയിൽ ഐ.എസ് തീവ്രവാദികളും മറ്റു പ്രദേശങ്ങളിൽ അൽ നുസ്രയും സമാന്തര ഭരണകൂടം സ്ഥാപിച്ചു. ഇതോടെയാണ് ഒരു നിലയ്ക്കും അവസാനിക്കില്ലെന്ന നിലക്ക് സംഘർഷവും യുദ്ധവും ശക്തമായത്.
എരിതീയിൽ എണ്ണയൊഴിക്കുകയെന്ന പഴമൊഴി പരമ സത്യമാക്കി അവർക്കിടയിലേക്ക് വിദേശ ശക്തികളുടെ കടന്നു വരവ് വിഷയത്തെ കൂടുതൽ ശക്തമാക്കി. 2014 ൽ വിമതർക്ക് പിന്തുണയുമായി അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യസേനയും അസദ് ഭരണകൂടത്തെ പിന്തുണച്ച് റഷ്യയും ഇറാനും രംഗത്ത് വന്നതോടെ സിറിയ ഒരു ആഗോള വിഷയമായി രൂപപ്പെട്ടു. ഇതോടെ ദിവസവും ആയിരത്തോളം ജീവനുകൾ തെരുവുകളിൽ പൊലിഞ്ഞുകൊണ്ടേയിരുന്നു. അതോടൊപ്പം വീടും നഗരവും വിട്ട് ജീവന് വേണ്ടി ലക്ഷങ്ങൾ യൂറോപ്പിലേക്കുൾപ്പെടെ പലായനം ആരംഭിച്ചതോടെ ലോകത്തിന്റെ കണ്ണുകൾ സിറിയയിലേക്ക് പതിച്ചു. കഴിഞ്ഞ ഏഴാണ്ടുകളായി തുടരുന്ന ആഭ്യന്തര സംഘർഷത്തിന് പുറമെ ബാഹ്യ ശക്തികൾ കൂടി ഇടപെട്ടതോടെ അവരുടെ ദുരിതം ഇന്ന് അതിന്റെ പാരമ്യത്തിലാണ്. ഇന്നിപ്പോൾ സിറിയ വെറും നരകമായി മാറിയിരിക്കുകയാണ്. പെരുമഴക്കാലത്തെ ഇടിവെട്ടിനു സമാനമായ സ്ഥിതിവിശേഷത്തിൽ പലപ്പോഴായി ഏറെ ആശ്വാസത്തോടെ വെടിനിർത്തൽ എന്ന 'ചർച്ചകൾ' നടന്നെങ്കിലും വീണ്ടും ക്രൂരഹസ്തങ്ങൾ സിറിയൻ നെഞ്ചിലേക്ക് മൂർച്ചയുള്ള കഠാരകളായി ആഴ്ന്നിറങ്ങുന്നു. കുട്ടികൾ മൊബൈലിൽ ഗെയിം കളിക്കുന്ന ലാഘവത്തോടെയാണ് വൻ ശക്തികളുടെ മൗനാനുവാദത്തോടെ അവിടെ ബോംബുകളുടെയും മിസ്സൈലുകളുടെയും പേമാരി തീർത്തതും ബഷാറുൽ അസദ് സൈന്യം തീപ്പുക തുപ്പുന്നതും.
സിറിയൻ വിമത പ്രദേശമായ കിഴക്കൻ ഗൗഥയിൽ സർക്കാർ സൈനിക ആക്രമണം രൂക്ഷമായി തുടരുകയാണ് -മനുഷ്യ മനഃസ്സാക്ഷിയെ പോലും നാണിപ്പിക്കുമാറ്. സ്വന്തം രാജ്യത്തെ ജനങ്ങളെ സ്വേഛാധിപതികളായ ഭരണ കർത്താക്കൾ കൂട്ടക്കൊല നടത്തുന്നത് ലോക ചരിത്രത്തിൽ അപൂർവമായെങ്കിലും കണ്ടിട്ടുണ്ടെങ്കിലും വിദേശ രാഷ്ട്രങ്ങളുടെ പൂർണ സഹായത്തോടെ സ്വന്തം രാജ്യത്തെ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന അത്യപൂർവ സംഭവങ്ങളാണ് ഇവിടെ ബഷാറുൽ അസദിന്റെ സൈന്യം തുടരുന്നത്. റഷ്യൻ പിന്തുണയോടെ ബഷാറുൽ അസദിന്റെ സൈന്യം നടത്തുന്ന ആക്രമണത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ഒരു നഗരത്തിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തോടടുക്കുകയാണ്.
ഇതിൽ പിഞ്ചുകുട്ടികൾ മാത്രം നൂറിലധികം വരും. അയ്യായിരത്തോളം ആളുകൾക്ക് പരിക്കേറ്റു. കൂടാതെ രാസായുധ പ്രയോഗവും നടന്നു. ഇതെല്ലാം സർക്കാർ വൃത്തങ്ങൾ അല്ലെങ്കിൽ സംഘടനകൾ നിരത്തുന്ന കണക്കുകൾ. എന്നാൽ യാഥാർഥ്യം അതിനും എത്രയോ മുകളിലാണ്. പല ദിവസങ്ങളിലും രൂക്ഷമായ ആക്രമണമാണുണ്ടാകുന്നത്.
വിമതരുടെ ശക്തികേന്ദ്രമായി സിറിയയിൽ ബാക്കിയുള്ള ഏക പ്രദേശമാണ് കിഴക്കൻ ഗൗഥ. 2013 മുതൽ ഏറ്റവും രൂക്ഷമായ ആക്രമണമാണ് അവിടെ നടക്കുന്നത്. തുടർച്ചയായ ബോംബാക്രമണങ്ങളാണ് കിഴക്കൻ ഗൗഥയിൽ നടക്കുന്നതെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ പറഞ്ഞു. നഗരത്തിലെ ആറു ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വ്യോമാക്രമണത്തിൽ തകർന്നുവെന്ന് തദ്ദേശവാസികൾ പറഞ്ഞു. ഒരേ സമയത്ത് തന്നെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് വ്യോമാക്രമണങ്ങൾ വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വൻ ദുരന്തമാണ് കിഴക്കൻ ഗൗഥയിൽ നടക്കുന്നത്. ഓരോ മിനിട്ടിലും 1020 വ്യോമാക്രമണങ്ങളാണ് നടക്കുന്നത്. ഭക്ഷണമോ മരുന്നുകളോ അഭയ കേന്ദ്രങ്ങളോ ഒന്നുമില്ല. അന്താരാഷ്ട്ര സമൂഹം ഇവിടെയുള്ള ജനങ്ങളെ ഉപേക്ഷിച്ചിരിക്കുകയാണെന്ന് കിഴക്കൻ ഗൗഥയിൽ സേവനം ചെയ്യുന്ന ഡോ. ബസ്സാം പറയുന്നു. ഒന്നുകിൽ ആക്രമണത്തിൽ, അല്ലെങ്കിൽ പട്ടിണി കിടന്ന് ഇവിടുത്തുകാർ മരിക്കുമെന്ന സ്ഥിതിയിലാണ്.
തീവ്രവാദികളിൽ നിന്ന് ഈ പ്രദേശം മോചിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് സിറിയൻ സൈന്യത്തിന്റെ അവകാശ വാദം. എന്നാൽ സിവിലിയന്മാരെ ലക്ഷ്യമിട്ടാണ് ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ. ഇത് അവസാനിപ്പിക്കാൻ യു.എൻ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സിറിയൻ സൈന്യം അക്രമം തുടരുകയാണ്.
മനുഷ്യത്വം മരവിച്ചിട്ടിലാത്ത ഒരു കൂട്ടം ലോകത്തുള്ള കാലത്തോളം മറ്റൊന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പ്രാർത്ഥന കൊണ്ടെങ്കിലും സിറിയൻ ജനതയോട് ഐക്യ ദാർഢ്യം പ്രകടിപ്പിക്കാം.
'ഇവിടെ നടക്കുന്നതെന്താണെന്ന് ഞാൻ അല്ലാഹുവിനോട് മരിച്ചു പോകുമ്പോൾ പറഞ്ഞുകൊടുക്കും' -ആക്രമണത്തിൽ പരിക്കേറ്റു മരണത്തോട് മല്ലടിച്ചു കഴിയുന്ന സിറിയൻ കുഞ്ഞുങ്ങളുടെ ഈ നിലവിളികൾ എങ്ങനെ മനുഷ്യ മനഃസാക്ഷിയുള്ളവർക്ക് ഹൃദയമിടറാതെ, കണ്ണീർ വാർക്കാതെ കേൾക്കാനാകും?
[email protected]






