യുവാവ് വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

കാസര്‍കോട്- യുവാവ് വാഹനാപകടത്തില്‍ മരിച്ചതിന് തൊട്ടുപിന്നാലെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
ശനിയാഴ്ച പെര്‍ഡാലയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മധൂര്‍ അറന്തോടിലെ നൗഫല്‍ (37) മരിച്ചത്. മരണവിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പൂര്‍ണ ഗര്‍ഭിണിയായ നൗഫലിന്റെ ഭാര്യ അമീറ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.

ബദിയടുക്കയില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു നൗഫല്‍. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് നൗഫല്‍ അപകടത്തില്‍പ്പെട്ടത്. നൗഫല്‍ ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ നൗഫലിന്റെ മരണം സംഭവിച്ചിരുന്നു. മധൂര്‍ അറന്തോടിലെ അബ്ബാസ് - ഹലീമ ദമ്പതികളുടെ മകനാണ് നൗഫല്‍. അറന്തോട് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.

 

Latest News