അഫ്ഗാനില്‍ മയക്കു മരുന്ന് കൃഷി താലിബാന്‍ നിരോധിച്ചു

കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്ന് വസ്തുക്കളുടെ കൃഷിക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി താലിബാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വലിയ കറുപ്പ് (ഓപിയം) ഉല്‍പ്പാദകരായ അഫ്ഗാനില്‍ ഓപിയത്തിനും ഈ വിലക്ക് ബാധകമാണ്. രാജ്യത്തുടനീളം ഇതിന്റെ കൃഷി കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് താലിബാന്‍ പരമോന്നത നേതാവ് ഹൈബതുല്ല അഖുന്ദ്‌സാദയുടെ ഉത്തരവ് പറയുന്നു. വിലക്ക് ലംഘിച്ചാല്‍ ഈ കൃഷി പുര്‍ണമായും നശിപ്പിക്കുകയും തെറ്റുകാരെ ശരീഅ നിയമ പ്രകാരം ശിക്ഷിക്കുമെന്നും മുന്നറിയിപ്പുണ്ട്. കൃഷിക്കു പുറമെ ഉല്‍പ്പാദനം, ഉപയോഗം, ഇതുമായി യാത്ര ചെയ്യല്‍ എന്നിവയ്ക്കും വിലക്ക് ബാധകമാണ്.

നേരത്തെ അധികാരത്തിലിരുന്നപ്പോഴും താലിബാന്‍ മയക്കു മരുന്ന് കൃഷിയും ഉപയോഗവും നിരോധിച്ചിരുന്നു. പിന്നീട് വീണ്ടും സജീവമായ ഓപിയം കൃഷി 2017ല്‍ 104 കോടി ഡോളര്‍ മൂല്യത്തിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി തെക്കുകിഴക്കന്‍ പ്രവിശ്യകളില്‍ കര്‍ഷകര്‍ വ്യാപകമായി ഓപിയം കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. പരമ്പരാഗത ഗോതമ്പു കൃഷിയെ അപേക്ഷിച്ച് വേഗത്തില്‍ വലിയ വരുമാനം നേടിത്തരുന്നതായിരുന്നു ഈ കൃഷി. ഓപിയം കൃഷി നിരോധിക്കുന്നതു സംബന്ധിച്ച് താലിബാന്‍ ഭരണകൂടത്തിലുള്ളവര്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായും റിപോര്‍ട്ടുണ്ട്.

Latest News