യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളി; ഭാര്യാസഹോദരനടക്കം നാലു പേര്‍ അറസ്റ്റില്‍

റാഞ്ചി-യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ ഭാര്യാ സഹോദരനടക്കം നാലു പേര്‍ അറസ്റ്റില്‍. മൂന്നാമതും വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ്  യുവാവിനെ  കൊന്ന് കിണറ്റില്‍ തള്ളിയതെന്ന് പോലീസ് പറഞ്ഞു.

ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലാണ് സംഭവം. 35 കാരനായ  ലാഡു ഹയ്ബുരുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ദുമാരിയ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കിണറ്റില്‍നിന്ന് കണ്ടെടുത്തു. .

മാര്‍ച്ച് 16 മുതലാണ് ലാഡുവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ലെങ്കിലും വിവരമറിഞ്ഞ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര് ചെയ്തത്.

കാണാതാകുന്നതിന് മുമ്പ് ലാഡുവും ഭാര്യാസഹോദരനും തമ്മില്‍ അടിപിടിയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി. ലാഡു മൂന്നാമതും വിവാഹം കഴിച്ചതിനെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. തുടര്‍ന്ന് പോലീസ് സംഘം ഭാര്യാസഹോദരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.  പിന്നലെ സഹായിച്ച മൂന്ന് ബന്ധുക്കളേയും അറസ്റ്റ് ചെയ്തു.  രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ലാഡുവിന്റെ വീട്ടില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ ദുമാരിയയിലുള്ള കിണറ്റില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

 

Tags

Latest News