VIDEO ഹിന്ദു പുതുവര്‍ഷ ദിനത്തില്‍ മസ്ജിദിനു നേരെ ആക്രമണം, സംഘര്‍ഷം; കരോലിയില്‍ കര്‍ഫ്യൂ

ജയ്പൂര്‍- രാജസ്ഥാനിലെ കരോലിയില്‍ ഹിന്ദു പുതുവത്സര ദിനത്തില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് നടത്തിയ റാലി സംഘര്‍ഷത്തില്‍ കലാശിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മസ്ജിനു നേരെ ആക്രമണം ഉണ്ടായി. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ പരസ്പരം കല്ലെറിഞ്ഞു. ഏതാനും കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി പോലീസ് അറിയിച്ചു. കരോലിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഹിന്ദു സംഘടനകള്‍ ഹിന്ദു പുതുവത്സര ദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി നടത്തുകയായിരുന്നു. ഇത് ഒരു മസ്ജിദിന് അടുത്തെത്തിയപ്പോള്‍ ചിലര്‍ പള്ളിക്കു നേരെ കല്ലെറിഞ്ഞു. ഇതോടെ മറുവിഭാഗവും കല്ലെറിഞ്ഞു സംഘര്‍ഷത്തിലേക്ക് നയിച്ചു. ഏതാനും ഇരുചക്രവാഹനങ്ങള്‍ക്ക് തീയിടുകയും കടകള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. സ്ഥലത്ത് വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്- എഡിജി ഹവ സിങ് ഘുമാരിയ പറഞ്ഞു. സംഘര്‍ഷത്തില്‍ ഇരുഭാഗത്തുള്ളവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 20ലേറെ പേര്‍ക്കും നിസ്സാര പരിക്കുകളെ ഉള്ളൂ.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ വിമര്‍ശനമുന്നയിച്ചു.
 

Latest News