Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രാ ട്രെയ്‌നുകള്‍ പുനരാരംഭിച്ചു

ന്യൂദല്‍ഹി- ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രാ ട്രെയ്ന്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചു. കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി 2014ല്‍ സര്‍വീസ് നിര്‍ത്തിവച്ച ശേഷം ആദ്യമായാണ് അയല്‍രാജ്യത്തേക്കുള്ള യാത്രാ വണ്ടികള്‍ വീണ്ടും ഓടിത്തുടങ്ങുന്നത്. ബിഹാറില്‍ നിന്നാണ് ഈ സര്‍വീസ്. ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദേവുബയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്ന് സര്‍വീസ് വെര്‍ച്വലായി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്താനും ധാരണയായിട്ടുണ്ട്. കൂടാതെ ഇന്ത്യയില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാറുകള്‍ക്കും ്അന്തിമ രൂപമായിട്ടുണ്ട്.

ചൈന കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനാല്‍ നേപ്പാളില്‍ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞു വരുന്നതായി നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. നേപ്പാള്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും തുല്യ പരിഗണന നല്‍കുന്ന നയമാണ് സ്വീകരിച്ചു വരുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നേപ്പാളും ഇന്ത്യയും സന്ദര്‍ശിച്ചു മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ തന്റെ ആദ്യ വിദേശ സന്ദര്‍ശനവുമായി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഷേര്‍ ബഹാദൂര്‍ പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തിയത്.
 

Latest News