ന്യൂദല്‍ഹി- ഈയിടെ നടന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വീണ്ടും കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ പാര്‍ട്ടിക്കുള്ളിലുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിക്കാന്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വീണ്ടും രംഗത്ത്. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ മൂന്ന് തവണയാണ് സോണിയ ബിജെപി സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. രണ്ടാം ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായാണ് സോണിയ ഇത്ര സജീവമായി പാര്‍ലമെന്റില്‍ ഇടപെടുന്നത്. 2019 മുതല്‍ ഇതുവരെ സോണിയ ലോക്‌സഭയില്‍ ആകെ നാലു തവണയാണ് പ്രസംഗിച്ചത്. ഇതില്‍ മൂന്ന് തവണയും കഴിഞ്ഞ 21 ദിവസങ്ങള്‍ക്കിടെയാണ്.
രണ്ട് വര്‍ഷം മുമ്പ് നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ 23 മുതിര്‍ന്ന നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തി കത്തെഴുതിയപ്പോഴും സോണിയ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഈയിടെ സംസ്ഥാനങ്ങളില്‍ വീണ്ടും തോറ്റമ്പിയതോടെ ഈ ജി-23 എന്ന ഈ സംഘം നേതാക്കള്‍ വീണ്ടും രംഗത്തെത്തിയപ്പോള്‍ സോണിയ ഇവരുമായി ചര്‍ച്ച നടത്തുകയും രംഗം ശാന്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പാര്‍ലമെന്റിലും സോണിയ സജീവമായി വീണ്ടും ഇടപെട്ടു തുടങ്ങിയത്. കോണ്‍ഗ്രസിന് മുഴുസമയ പ്രസിഡന്റില്ല, പാര്‍ട്ടിയെ നയിക്കാനാളില്ല എന്ന ആക്ഷേപങ്ങള്‍ ശക്തമായതോടെ വീണ്ടും സോണിയ സജീവമായി രംഗത്തിറങ്ങി എന്നുവേണം കരുതാന്‍. പ്രാദേശിക കക്ഷികളില്‍ പ്രബലരും തമിഴ്‌നാട്ടില്‍ ഭരണ കക്ഷിയുമായി ഡിഎംകെയുടെ ദല്‍ഹി ഓഫീസ് ഉല്‍ഘാടനത്തിലും സോണിയ പങ്കെടുത്തു. ഈ വേദി പ്രതിപക്ഷ നേതാക്കളുടെ ഒരു സംഗമവേദി കൂടിയായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി സോണിയ ഈയിടെ ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമ കമ്പനികളുടെ ഇടപെടലിന് അന്ത്യം കുറിക്കണമെന്നായിരുന്നു മാര്‍ച്ച് 16ന് സോണിയ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ പ്രധാനം ആവശ്യം. കോവിഡ് കാലത്ത് നിര്‍ത്തിവച്ച സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പുനരാരംഭിക്കണമെന്ായിരുന്നു മാര്‍ച്ച് 23ന് സോണിയ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തില്‍ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുള്ള നീക്കിയിരുപ്പ് തുക വെട്ടിക്കുറച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി സര്‍ക്കാരിനെതിരെ സംസാരിച്ചത്.
ഒരു മാസം മൂന്ന് തവണയാണ് പ്രസംഗിച്ചതെങ്കിലും സോണിയയുടെ സമീപകാലത്തെ പാര്‍ലമെന്റ് പ്രകടനത്തില്‍ മികച്ചതായിരുന്നു ഇത്. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് 2014 മുതല്‍ 2019 വരെ സോണിയയുടെ പാര്‍ലമെന്റ് സാന്നിധ്യവും വളരെ കുറവായിരുന്നു. വെറും ആറു ചര്‍ച്ചകളില്‍ മാത്രമാണ് ഇക്കാലയളവില്‍ അവര്‍ പങ്കെടുത്തത്.
സോണിയയുടെ പിന്‍ഗാമിയായി വന്ന രാഹുല്‍ ഗാന്ധി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവച്ചതോടെയാണ് സോണിയ ഇടക്കാല അധ്യക്ഷയായി വീണ്ടും പാര്‍ട്ടി നേതൃത്വമേറ്റെടുത്തത്. കോണ്‍ഗ്രസ് ഇതുവരെ ഒരു അധ്യക്ഷനെ തെരഞ്ഞെടുത്തിട്ടില്ല. രാഹുല്‍ പദവി ഏറ്റെടുക്കാന്‍ തയാറാകുമെന്ന കണക്കു കൂട്ടലിലാണ് ഉന്നത നേതാക്കള്‍ ഇപ്പോഴും. എന്നാല്‍ നേതാക്കള്‍ രാഹുലിന്റെ രീതികളോട് എതിര്‍പ്പുള്ള ഒരു വിഭാഗവും സജീവമായി ഉണ്ട്. തീരുമാനങ്ങളെടുക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളെ രാഹുല്‍ കാര്യമായി പരിഗണിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി.