ഭഗൽപൂർ- ബിഹാറിലെ ഭഗൽപൂരിൽ മുസ്്‌ലിം ഭൂരിപക്ഷ മേഖലയായ മേദിനി ചൗക്കിൽ മുസ്ലിം വിരുദ്ധ കലാപം ഇളക്കിവിട്ട കേസിൽ കേന്ദ്ര മന്ത്രി അശ്വിനി കുമാർ ചൗബെയുടെ മകൻ അർജിത്ത് ശാശ്വതിനും മറ്റു എട്ടു പേർക്കുമെതിരെ പോലീസ് കേസെടുത്തു. അർജിത്തിന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച മേഖലയിൽ ആർ എസ് എസ്, ബജ്രംഗ്ദൾ, ബിജെപി പ്രവർത്തകർ ഇവിടെ മാർച്ച് നടത്തി ആക്രമണമഴിച്ചുവിട്ടത്. ഹിന്ദു പുതുവത്സര ദിവസം ഭഗൽപൂരിലെ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കൂടിയായിരുന്നു അർജിത്തിന്റെ നേതൃത്വത്തിലുള്ള പ്രകടനം കടന്നു പോയത്.
ശബ്ദകോലാഹലങ്ങളുണ്ടാക്കി വർഗീയപരമായി പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യങ്ങളുമായി നടത്തിയ പ്രകടനം പലയിടത്തും അടിപിടികളും വെടിവയ്പ്പിനും ഇടയാക്കിയിരുന്നു. വ്യാപക കല്ലേറും പല ഷോപ്പുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പത്തുപേർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. അർജിത്തിന്റെ നേതൃത്വത്തിലുള്ള ആർ എസ് എസ് സംഘത്തിന് മോട്ടോർസൈക്കിൾ റാലി നടത്താൻ അനുമതി നൽകിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. നിയമവിരുദ്ധമായി ലൗഡ് സ്പീക്കർ ഉപയോഗം, കലാപം അഴിച്ചുവിടൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത പ്രോത്സാഹിപ്പിക്കൽ, മനപ്പൂർവ്വം മതവികാരം വൃണപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.
തന്റെ മകൻ ചെയ്തത് തെറ്റല്ലെന്ന് ന്യായീകരിച്ച് കേന്ദ്ര മന്ത്രി അശ്വിൻ കുമാർ നേരത്തെ രംഗത്തെത്തിയിരുന്നു. വന്ദേമാതരം വിളിക്കുന്നതും ഹിന്ദു പുതുവർഷം ആഘോഷിക്കുന്നതും തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.