Sorry, you need to enable JavaScript to visit this website.

മനുഷ്യാവകാശ കമ്മീഷന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ കൊല്ലം റൂറല്‍ എസ്.പിക്കെതിരേ അന്വേഷണം

കൊല്ലം- തെന്‍മലയില്‍ പരാതിക്കാരനെ മര്‍ദിച്ച കേസില്‍ സി.ഐയെ സംരക്ഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ കൊല്ലം റൂറല്‍ എസ്.പിക്കെതിരേ അന്വേഷണം. ഡി.സി.ആര്‍.ബി ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി പരാതിക്കാരന്‍ പോലീസുകാരെ മര്‍ദിച്ചെന്ന രീതിയിലാണ് കൊല്ലം റൂറല്‍ എസ്.പി റിപ്പോര്‍ട്ട് നല്‍കിയത്. വാദിയെ പ്രതിയാക്കി റിപ്പോര്‍ട്ട് നല്‍കിയതിനാണ് റൂറല്‍ എസ്.പിക്കെതിരെ തിരുവനന്തപുരം റേഞ്ച് സി.ഐ.ജി അന്വേഷണം തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നിനാണ് പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ തെന്‍മല സ്വദേശി രാജീവിനെ സി.ഐ വിശ്വംഭരന്‍ കരണത്തടിച്ച ശേഷം സ്റ്റേഷന് വെളിയില്‍ കെട്ടിയിട്ടത്. വ്യക്തമായ തെളിവുണ്ടായിട്ടും സി.ഐയെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യമേ പോലീസ് സ്വീകരിച്ചത്. സി.ഐ വിശ്വംഭരനും എസ്.ഐ ആയിരുന്ന ശാലുവും ചെയ്തത് ഗുരുതര കൃത്യവിലോപമാണെന്ന് കൊല്ലം ക്രൈം റെക്കോര്‍ഡ് ഡിവൈ.എസ്.പി 2021 മേയില്‍ കൊടുത്ത റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ഹൈക്കോടതിയിലെത്തുകയും വിശ്വംഭരനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയായിരുന്നു പോലീസ്. മനുഷ്യാവകാശ കമ്മീഷനില്‍ പോലീസ് മര്‍ദനമേറ്റ രാജീവ് നല്‍കിയ പരാതിയിലാണ് വീണ്ടും കള്ളക്കളിയുണ്ടായത്. സി.ഐക്കെതിരെ ഡിവൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ട് മറച്ചുവച്ച് റൂറല്‍ എസ്.പി പുതിയ റിപ്പോര്‍ട്ട് ഉണ്ടാക്കി. സി.ഐയെ വെള്ളപൂശി തയാറാക്കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷനില്‍ ഹാജരാക്കി. രാജീവാണ് പോലീസിനെ കയ്യേറ്റം ചെയ്തതെന്നുള്ള റിപ്പോട്ട് പക്ഷേ മനുഷ്യാവകാശ കമ്മീഷന്‍ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയ എസ്.പി പി.കെ രവിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
സി.ഐ പരാതിക്കാരനെ മര്‍ദിച്ചത് വ്യക്തമായി തെളിഞ്ഞത് കൊണ്ടാണ് ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തതെന്നാണ് ദക്ഷിണമേഖലാ എ.ഡി.ജി.പി ഇറക്കിയ ഉത്തരവ്. ഈ ഉത്തരവിന് ആധാരമാക്കിയത് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടായിരുന്നു.

 

 

Latest News