സൗദിയുടെ വിനോദചരിത്രത്തെ മാറ്റിമറിച്ച റിയാദ് സീസണ്‍ സമാപിച്ചു

റിയാദ്- കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഷോകളും ആവേശകരമായ സംഗീത കച്ചേരികളും അഞ്ചു മാസത്തോളം യുവജനങ്ങളെ ആനന്ദത്തിന്റെ പരമകോടിയിലെത്തിച്ച റിയാദ് സീസണ്‍ സമാപിച്ചു. ഇത് സത്യമാണ്, ഇനിയങ്ങോട്ട് ആരും പോകേണ്ടെന്ന് വെള്ളിയാഴ്ച രാത്രി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ തുര്‍ക്കി ആല്‍ശൈഖ് വിട ചൊല്ലുന്ന വീഡിയോ സഹിതം ട്വീറ്റ് ചെയ്താണ് മഹാമേളയുടെ സമാപനം പ്രഖ്യാപിച്ചത്. ഇതോടെ എല്ലാ വേദികളിലെയും ലൈറ്റുകളണഞ്ഞു. ഇനി മൂന്നാം സീസണില്‍ കണ്ടുമുട്ടാമെന്ന പ്രതിജ്ഞയോടെ എല്ലാവരും മടങ്ങി.
2021 ഒക്ടോബര്‍ 20 നാണ് റിയാദ് സീസണ്‍ രണ്ടാം പതിപ്പ് ആരംഭിച്ചത്. 14 ഇടങ്ങളിലായി നടന്ന 7500 വിനോദ പരിപാടികളില്‍ 15 മില്യണിലധികം പേര്‍ പങ്കെടുത്തെന്നാണ് ഔദ്യോഗിക കണക്ക്.
ഒമ്പത് ലക്ഷം ചതുരശ്രമീറ്റര്‍ ചുറ്റളവുള്ള ബൊേളവാര്‍ഡ് ആയിരുന്നു റിയാദ് സീസണിലെ ഏറ്റവും വലിയ വേദി. റെസ്‌റ്റോറന്റുകള്‍, പാര്‍ക്ക്, ഗെയിം സെന്ററുകള്‍, ഫെസ്റ്റിവല്‍, വ്യാപാര കേന്ദ്രങ്ങള്‍, ഗോള്‍ഫ് അടക്കം ഒമ്പത് ഭാഗങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. മുപ്പത് മീറ്റര്‍ ഉയരമുള്ള സ്‌ക്രീനോടു കൂടിയ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സിനിമശാലയും ഇവിടെയായിരുന്നു. റെസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിച്ച് സിനിമ കാണാനുള്ള സംവിധാനമാണ് ഇവിടെ മുഖ്യമായും ഒരുക്കിയിരുന്നത്.
ലണ്ടന് പുറത്ത് ഇതാദ്യമായി ക്രിസ്റ്റല്‍ മൈസ് എക്‌സ്പീരിയന്‍സ്, സ്‌ക്രൂ എക്‌സ്പീരിയന്‍സ് എന്നിവയടക്കം ആവേശകരമായ ഗെയിമുകള്‍ കളിക്കാനുള്ള അവസരവും സന്ദര്‍ശകര്‍ക്കുണ്ടായി. സൗദിയില്‍ ഇതാദ്യമായി ന്യൂ ഇയര്‍ ആഘോഷവും ഇവിടെ അരങ്ങേറി.
ബോളിവുഡ് സിനിമാതാരം സല്‍മാന്‍ ഖാന്‍ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ വിവിധ വേദികളിലെത്തിയിരുന്നു.

 

 

Latest News