Sorry, you need to enable JavaScript to visit this website.

മെഡിക്കല്‍ സര്‍വകലാശാലക്കു മുന്നില്‍ കുത്തിയിരിപ്പു സമരം; പരീക്ഷ ബഹിഷ്‌കരിച്ചത് രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍

തൃശൂര്‍- മുളങ്കുന്നത്തുകാവില്‍  കേരള മെഡിക്കല്‍ സര്‍വകലാശാലക്കു മുന്നില്‍ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍  കുത്തിയിരിപ്പു സമരം നടത്തി.
ആവശ്യമായ ക്ലിനിക്കല്‍ പോസ്റ്റിംഗ് നടത്താതെ അവസാന വര്‍ഷ പരീക്ഷ നടത്താനുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ  ഭാഗമായാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.
2017 റഗുലര്‍ ബാച്ചിന്റെ അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഒരു അവസാനവര്‍ഷ വിദ്യാര്‍ഥിക്ക് 792 മണിക്കൂറിന്റെ ക്ലിനിക്കല്‍ പോസ്റ്റിംഗിന്റെ ആവശ്യമുണ്ട്. എന്നാല്‍ വിവിധ കോളജുകളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം കോവിഡ് സാഹചര്യംമൂലം അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് 530 നടുത്ത് മണിക്കൂറുകള്‍ മാത്രമാണ് ക്ലിനിക്കല്‍ പോസ്റ്റിംഗ് ലഭിച്ചത്. ക്ലിനിക്കല്‍ അറിവുകള്‍ എം.ബി.ബി.എസ് കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അത്യന്താപേക്ഷിതമാണെന്നതിനാല്‍  സിലബസ് പൂര്‍ത്തിയായി ക്ലിനിക്കല്‍ പോസ്റ്റിംഗ് നടത്തിയതിന് മാത്രമേ പരീക്ഷ നടത്താവൂ എന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍ ആരോഗ്യസര്‍വകലാശാല ഇത് കണക്കിലെടുക്കാതെ മാര്‍ച്ച് 31ന് പരീക്ഷ നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. അന്ന് പരീക്ഷക്ക് ഹാജരാകുന്ന വിദ്യാര്‍ഥികളുടെ എണ്ണം നോക്കി അവസാന തീരുമാനമെടുക്കാമെന്ന് കേസ് പരിഗണിച്ച ഹൈക്കോടതിയും നിര്‍ദ്ദേശിച്ചു.
2900 പേര്‍ വരുന്ന റഗുലര്‍ ബാച്ചില്‍ 2100 പേര്‍ പരീക്ഷ ബഹിഷ്‌കരിച്ചു. എന്നിട്ടും പരീക്ഷയുമായി മുന്നോട്ടു പോകാനാണ് സര്‍വകലാശാല തീരുമാനിച്ചതെന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുകയാണ് അധികാരികളെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഗുണനിലവാരം കുറഞ്ഞ ഒരു എം.ബി.ബി.എസ് ബാച്ചിനെ സൃഷ്ടിച്ചെടുക്കാനേ സര്‍വകലാശാലയുടെ തീരുമാനം കൊണ്ട് സാധിക്കൂവെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. പരീക്ഷ ബഹിഷ്‌കരിച്ച 80 ശതമാനത്തോളം വിദ്യാര്‍ഥികളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സമരപ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്.

 

 

Latest News