ബെംഗളൂരു- കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ അസുഖബാധിതയായ അമ്മയെ മകനും സുഹൃത്തും ചേര്‍ന്ന് പുഴയിലെറിഞ്ഞു കൊന്നു. യദ്രാമി താലൂക്കിലെ ബിരാല്‍ സ്വദേശിയായ രചമ്മ ശരബന്ന യലിമെലിയെയാണ് (61) മകന്‍ ഭീമശങ്കര്‍ യലിമെലി (38) ഭീമാ നദിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ അമ്മയെ ഷഹാപുരിലെത്തിയപ്പോള്‍ പുഴയിലേക്ക് എടുത്തെറിയുകയായിരുന്നു. ഭീമശങ്കറിനെയും സുഹൃത്ത് മുത്തപ്പയെയും ബി. ഗുഡി പോലീസ് അറസ്റ്റ് ചെയ്തു. രചമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടതോടെ ഭീമശങ്കറിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഭീമശങ്കര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മക്ക് അസുഖമായതിനാല്‍ വീട്ടില്‍നിന്ന് ഒഴിവാക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നതായി ഭീമശങ്കര്‍ പോലീസിന് മൊഴി നല്‍കി. അമ്മയുടെ ചികിത്സക്കായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ഇതിനെചൊല്ലി ഭാര്യയുമായി പലതവണ വഴക്കുണ്ടായിട്ടുണ്ടെന്നും ഭീമശങ്കര്‍ പറഞ്ഞു.






