ആരോഗ്യപ്രശ്‌നം: ജി. സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ല

ആലപ്പുഴ- കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറിന് സുധാകരന്‍ കത്തുനല്‍കി. ജി. സുധാകരന് പകരംപ്രതിനിധിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏപ്രില്‍ ആറു മുതല്‍ പത്തുവരെ കണ്ണൂരില്‍ നടക്കുന്ന സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധിയായിരുന്നു സുധാകരന്‍. എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കിയത്. സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കിയെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധി പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ഇല്ലായെന്നാണ് ഇപ്പോള്‍ സുധാകരന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറിനെ അറിയിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കത്ത് ലഭിച്ച കാര്യം ആര്‍. നാസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കായംകുളത്തുനിന്നുള്ള മഹേന്ദ്രനാണ് സുധാകരന് പകരമായി കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ആലപ്പുഴയില്‍നിന്ന് പങ്കെടുക്കുക.

 

Latest News