Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം  നല്‍കിയതില്‍ നിയമ ലംഘനമില്ല- ഉദ്യോഗസ്ഥര്‍

കൊച്ചി- ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് അന്വേഷണം തുടങ്ങി. പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരോട് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ വിശദീകരണം ചോദിച്ചു. അതെസമയം ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്‍കിയ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം.ബുധനാഴ്ച്ച ആലുവയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം.ഇതാണ് വിവദമായത്.
പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബി.ജെ.പിയടക്കം രംഗത്തുവന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്‌നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുല്‍ദാസ്, എം സജാദ് എന്നിവരോട് ആവശ്യപെട്ടു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.
അതെസമയം സംഭവത്തില്‍ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സന്നദ്ധ സംഘടനകള്‍ റസിഡന്റ് അസോസിയേഷനുകള്‍ വിവിധ എന്‍ജിഒകള്‍ എന്നിവക്ക് പരിശീലനം നല്‍കാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നല്‍കിയതെന്നും രാഷ്ട്രിയ പാര്‍ട്ടികളുടെ വേദിയില്‍ വെച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.
 

Latest News