പനാജി- കണ്ണൂരിൽനിന്നും ഗോവയിലേക്ക് വിനോദയാത്ര പോയ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് കത്തി നശിച്ചു. ഗോവയിലെ ഓൾഡ് ബെൻസാരിയിലാണ് സംഭവം. ബസ് പൂർണമായും കത്തിയെങ്കിലും ആർക്കും പരിക്കില്ല. കണ്ണൂർ മാതമംഗലം ജെബീസ് കോളേജ് വിദ്യാർഥികളാണ് ഗോവയിലേക്ക് വിനോദ യാത്ര പോയത്. ബസ് ഓൾഡ് ഗോവയിൽ എത്തിയപ്പോൾ തന്നെ ബസിന്റെ എഞ്ചിനിൽനിന്ന് പുക ഉയർന്നത് മറ്റു വാഹന ഡ്രൈവർമാർ അറിയിച്ചിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. എന്നാൽ, മുന്നറിയിപ്പ് ശ്രദ്ധിക്കാതെ ബസ് യാത്ര തുടരുകയായിരുന്നു. അഞ്ചരയ്ക്ക് ബനസ്തരിമിൽ എത്തിയപ്പോൾ ബസിന് തീപിടിച്ചു. ഉടൻ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.