റിയാദ്- യെമനിൽ സഖ്യസൈന്യം രണ്ടു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. യെമനിൽ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ദൂതനാണ് ഇക്കാര്യം അറിയിച്ചത്. ഹൂത്തികളുടെ അധീനതയിലുള്ള ഹുദൈദ തുറമുഖത്തേക്ക് ഇന്ധനക്കപ്പലുകൾ പ്രവേശിക്കുന്നതിനും സൻആ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നതിനും അനുവാദമുണ്ടാകും. ഇന്ന് (ശനിയാഴ്ച)മുതൽ രണ്ട് മാസത്തെ വെടിനിർത്തലിനാണ് തീരുമാനം.
തടവുകാരെ മോചിപ്പിക്കുന്നതിനും സൻആയിലെ വിമാനത്താവളം തുറക്കുന്നതിനും ഹുദൈദ തുറമുഖം വഴി എണ്ണക്കപ്പലുകൾ സർവീസ് നടത്തുന്നതിനും നടപടിയെടുക്കുമെന്ന് യെമനിലെ നിയമാനുസൃത സർക്കാർ അറിയിച്ചു.
വിശുദ്ധ റമദാൻ മാസത്തിൽ വെടിനിർത്തലിനുള്ള ആഹ്വാനത്തെ പിന്തുണച്ചാണ് തങ്ങൾ ചർച്ചയ്ക്ക് വന്നതെന്ന് യെമൻ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.