Sorry, you need to enable JavaScript to visit this website.

മാപ്പു പറഞ്ഞ കെജ്‌രിവാൾ രണ്ട് അപകീർത്തി കേസുകളിൽ കുറ്റവിമുക്തൻ

ന്യൂദൽഹി- വിവിധ പാർട്ടി നേതാക്കൾ നൽകിയ അപകീർത്തി കേസുകളിൽ വെട്ടിലായി ഒടുവിൽ മാപ്പോട് മാപ്പു പറഞ്ഞ ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ രണ്ട് കേസുകളിൽ കോടതി കുറ്റവിമുക്തനാക്കി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ മകൻ അമിത് സിബൽ എന്നിവർ കെജ്‌രിവാളിനെതിരെ നൽകിയ അപകീർത്തി കേസുകളാണ് തീർപ്പായത്. അമിത് നൽകിയ കേസിൽ കൂട്ടുപ്രതിയായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും കോടതി കുറ്റവിമുക്തനാക്കി. ഗഡ്കരിയോടും സിബലിനോടും കെജ്‌രിവാൾ മാപ്പു പറഞ്ഞതിനെ തുടർന്നാണ് കോടതി വിധി. 
പുർതി ഗ്രൂപ്പ് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ അഴിമതിക്കാരനായ രാഷ്ട്രീയക്കാരൻ എന്ന ആരോപണമുന്നയിച്ചതിനെ തുടർന്നാണ് ഗഡ്കരി കെജ്‌രിവാളിനെതിരെ അപകീർത്തി കേസ് നൽകിയത്. വ്യക്തതയില്ലാതെ താങ്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ ഖേദമുണ്ടെന്നും മാപ്പപേക്ഷിക്കുന്നുവെന്നുമാണ് ഗഡ്ക്കരിക്കയച്ച മാപ്പപേക്ഷയിൽ കെജ്‌രിവാൾ പറയുന്നത്. പരസ്പരബഹുമാനം മുൻ നിർത്തി ഈ വിഷയം അവസാനിപ്പിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചിരുന്നു. ഇതു ഗഡ്ഗകരി സ്വീകരിച്ചതിനെ തുടർന്ന് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരു നേതാക്കളും സംയുക്ത അപേക്ഷ കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
വോഡഫോൺ നികുതിക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് കപിൽ സിബലും അമിത് സിബലും കെജ്‌രിവാളിനെതിരെ അപകീർത്തി കേസ് നൽകിയത്. ഈ കേസിൽ കെജ്‌രിവാളിനെയും സിസോദിയയേയും കുറ്റവിമുക്തരാക്കിയെങ്കിലും മുൻ എ.എ.പി നേതാക്കളായ പ്രശാന്ത് ഭൂഷൺ, ഇപ്പോൾ ബി.ജെ.പി നേതാവായ ശാസിയ ഇൽമി എന്നിവർക്കെതിരായ കേസ് തുടരുമെന്നും കോടതി വ്യക്തമാക്കി.
വിവിധ രാഷ്ട്രീയ നേതാക്കൾ നൽകിയ അപകീർത്തിക്കേസുകൾ കുമിഞ്ഞു കൂടി കോടതി കയറിയിറങ്ങി മടുത്തതോടെയാണ് കെജ്‌രിവാൾ മാപ്പോട് മാപ്പപേക്ഷകളുമായി രംഗത്തെത്തിയത്. കേസ് നൂലാമാലകൾ സമയം അപഹരിക്കാൻ തുടങ്ങിയതോടെയാണ് നല്ല രീതിയിൽ മാപ്പു പറഞ്ഞ് കേസുകൾ അവസാനിപ്പിക്കാമെന്ന അനുരജ്ഞന സമീപനം കെജ്‌രിവാൾ സ്വീകരിച്ചത്. കേന്ദ്ര മന്ത്രി അരുൺ ജെയറ്റ്‌ലി, മുൻ അകാലിദൾ മന്ത്രിയായിരുന്ന ബിക്രം മജിതിയ എന്നിവരോടും കെജ്‌രിവാൾ മാപ്പു പറഞ്ഞിരുന്നു. ഇനിയും കൂടുതൽ നേതാക്കളോട് അദ്ദേഹം മാപ്പു പറയുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ മാപ്പു പറച്ചിൽ പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതൃത്വത്തിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്.
 

Latest News