ഇസ്ലാമാബാദ്- അവിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ പരിഹസിച്ച് മുന്‍ ഭാര്യ റിഹം ഖാന്‍. നിങ്ങള്‍ പ്രധാനമന്ത്രിയാകുന്നതിനുമുമ്പ് പാകിസ്ഥാന്‍ മികച്ച രാജ്യമായിരുന്നുവെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി ഉണ്ടാക്കിയ പ്രശ്‌നങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും വൃത്തിയാക്കാനും ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
ഇംറാന്‍ ചരിത്രമായി. നയാ പാകിസ്ഥാനില്‍ ബാക്കിയാക്കിയ കുഴപ്പങ്ങള്‍ വൃത്തിയാക്കാന്‍ ഒരുമിച്ച് നില്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം-റിഹാം പറഞ്ഞു.
2018 ല്‍ അധികാരമേറ്റെടുത്ത ഇംറാന്‍ ഖാന്‍ നയാ പാകിസ്ഥാന്‍ രൂപീകരിക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ വിലക്കയറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇതോടെയാണ് തെഹ്‌രീകെ ഇന്‍സാഫ് സര്‍ക്കാര്‍ ഫലപ്രദമല്ലെന്ന നിലപാടിലേക്ക്് പ്രതിപക്ഷത്തെ നയിച്ചത്.
പ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ ഇംറാന്‍ ഖാന് പ്രശസ്തിയും സമ്പത്തും ഉണ്ടായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന് ഇല്ലാത്തത് ബുദ്ധിയും കഴിവുമാണെന്ന് റിഹാം ഖാന്‍ ആരോപിച്ചു.






