കീവ്- റഷ്യയിലെ എണ്ണ സംഭരണ കേന്ദ്രം ഉക്രൈന്‍ സൈനികര്‍ ആക്രമിച്ചുവെന്ന വാര്‍ത്ത നിഷേധിക്കാതെ ഉക്രൈന്‍ അധികൃതര്‍. സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സാധ്യമല്ലെന്നാണ് ഉക്രേനിയന്‍ വിദേശ മന്ത്രാലയത്തിന്റെ നിലപാട്. ഉക്രേനിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബെല്‍ഗോറോഡില്‍ ഓയില്‍ ഡിപ്പോ ആക്രമിച്ചുവെന്നാണ് റഷ്യ പറയുന്നത്. സംഭവം ശരിയാണെങ്കില്‍ ആദ്യമായാണ് ഉക്രൈന്‍ പോര്‍ വിമാനം റഷ്യന്‍ വ്യോമമേഖലയില്‍ കടന്ന് ആക്രമണം നടത്തുന്നത്.
അതിനിടെ, മരിയുപോളില്‍നിന്ന് കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതി റഷ്യയുടേയും ഉക്രൈന്റേയും ഉന്നത അധികൃതര്‍ അംഗീകരിച്ചതായി റെഡ് ക്രോസ് അറിയിച്ചു. ഉക്രൈന്റെ തെക്കുഭാഗത്തുള്ള ഈ നഗരത്തില് പതിനായിരക്കണക്കിനാളുകള്‍ കുടുങ്ങി കിടക്കുകയാണ്.
റഷ്യന്‍ സേന പിടിച്ചടക്കിയ ഏറ്റവും വലിയ പട്ടണമായ ഖെര്‍സോണു ചുറ്റും മുന്നേറുകയാണെന്ന് ഉക്രൈന്‍ സൈന്യം അവകാശപ്പെടുന്നു.






