കാസര്‍കോട്-കിടപ്പ് രോഗിയായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ കോടതി ഒമ്പത് വര്‍ഷം കഠിനതടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കൊടക്കാട്ടെ പി.എം കുഞ്ഞികൃഷ്ണനാ(55)ണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2016 സെപ്തംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആനക്കാടിയില്‍ താമസിക്കുന്ന കിടപ്പുരോഗിയായ സ്ത്രീയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. പരാതിക്കാരി കേസിന്റെ വിചാരണക്കിടയില്‍ മരിച്ചിരുന്നു .ചീമേനി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ചീമേനി സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം ശ്രീധരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി രാഘവന്‍ ഹാജരായി.