ന്യൂദല്‍ഹി- എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസിലെ അന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല. ഇടക്കാല സ്റ്റേ വേണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളിലും സുപ്രീംകോടതി ഇടപെട്ടില്ല. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാരണമല്ലേ മുഴുവന്‍ പ്രശ്‌നങ്ങളും ഉണ്ടായതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസിലെ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ലഭിക്കാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂഥ്‌റ ശക്തമായി വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. 74 വയസുള്ള വ്യക്തിയാണ്. കസ്റ്റഡിയില്‍ എടുക്കാന്‍ പോലും സാധ്യതയുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂഥ്‌റ വാദിച്ചു. വ്യക്തി സ്വാതന്ത്ര്യത്തെ തന്നെ ബാധിക്കുന്ന വിഷയമെന്നും വ്യക്തമാക്കി. എന്നാല്‍, അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന കടുത്ത നിലപാടിലായിരുന്നു ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച്.
അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്യാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. ക്രിസ്ത്യന്‍ പള്ളികളുടെ ഭൂമിയും ആസ്തികളും വില്‍പന നടത്താന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെ ചോദ്യം ചെയ്തുള്ള ഹരജികള്‍ക്കൊപ്പം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി പരിഗണിക്കാനും സുപ്രീംകോടതി തീരുമാനിച്ചു.






