Sorry, you need to enable JavaScript to visit this website.

നമുക്ക് കുടിച്ച് രസിക്കാം


സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം മദ്യവർജനമെന്ന പ്രഖ്യാപിത നയത്തിന് കടകവിരുദ്ധമാണ്. മദ്യലഭ്യത വ്യാപിക്കുന്ന സമീപനമാണ് നയത്തിന്റെ കാതൽ. കാർഷിക മേഖലയിലടക്കം തൊഴിലവസരം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് നീതീകരണം. പബ് സംസ്‌കാരം വളർത്തുന്നതിലൂടെ ഐ.ടി, ടൂറിസം മേഖലകളിൽ സർക്കാരിന് വരുമാനവും നിക്ഷേപവും വർധിപ്പിക്കാനാകും. അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതം പരിഗണനാവിഷയമാകുന്നില്ല. 

 

മദ്യനിരോധമല്ല, മദ്യവർജനമാണ് തങ്ങളുടെ നയമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഇടതുമുന്നണിയുടെ മദ്യനയം മദ്യപ്രോത്സാഹനമായി മാറുന്നതിൽ അത്ഭുതമൊന്നുമില്ല. മദ്യവിൽപനക്കുള്ള കൂടുതൽ സാധ്യതകൾ തേടുകയാണ് സർക്കാർ. മദ്യവ്യാപാര രംഗത്തെ തൊഴിലാളികളെ മുന്നിൽ കണ്ടുള്ള സമീപനമാണ് ഇതെന്നാണ് പറയാറെങ്കിലും വാസ്തവം അതല്ല. മദ്യ വ്യവസായത്തിൽനിന്നുള്ള നികുതി വരുമാനമാണ് സർക്കാരിന്റെ ലക്ഷ്യം. മദ്യത്തെ സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷവുമായി ബന്ധപ്പെടുത്താനുള്ള നീക്കം കൂടിയാണിതെന്ന് കാണാം. 
കേരളത്തിന് ആവശ്യമായ ഇന്ത്യൻ നിർമിത വിദേശ മദ്യമോ ബിയറോ ഇവിടെ ഉൽപാദിപ്പിക്കാൻ ഇപ്പോൾ കഴിയുന്നില്ല. നിലവിലുള്ള സ്ഥാപനങ്ങളിൽ ഉൽപാദനം വർധിപ്പിക്കുന്നത് ഇതിനുള്ള പരിഹാരമായി മദ്യനയം കാണുന്നുണ്ട്. ഉദാഹരണത്തിന് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മിന് സംസ്ഥാനത്തു വലിയ ഡിമാൻഡാണെന്ന് കണക്കുകൾ പറയുന്നു. അതുപക്ഷേ, ആവശ്യത്തിനു മതിയാകുന്നില്ല. അതിനാൽ കൂടുതൽ ജവാൻ റം ഉൽപാദിപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് നയം. ആവശ്യക്കാർക്ക് എന്താണോ വേണ്ടത് അത് ഇവിടെ തന്നെ നിർമിച്ചു നൽകാനുള്ള തീരുമാനം മദ്യവ്യവസായത്തിൽ കൂടുതൽ സാധ്യതകൾ കാണുന്നതാണ് എന്നതിൽ സംശയിക്കേണ്ടതില്ല.


യോഗ്യതയുള്ളവർക്കെല്ലാം ബ്രുവറി ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം സംസ്ഥാനത്തു ഉൽപാദനം വർധിപ്പിച്ച് പുറത്തുനിന്നു കൊണ്ടുവരുന്നതു കുറയ്ക്കാൻ സഹായിക്കുന്നതാവും.  എന്തായാലും വേണം, എന്നാൽ, അത് ഇവിടെ തന്നെ ഉൽപാദിപ്പിച്ചാൽ അത്രയും തൊഴിൽ അവസരങ്ങൾ ഇവിടെ കിട്ടും എന്നത്രേ വിശദീകരണം. 
മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങൾ ബിവറെജസ് കോർപറേഷൻ ആരംഭിക്കുമെന്നും പറയുന്നുണ്ട്. കോർപറേഷന്റെ വരുമാനം വർധിക്കുന്നതിനൊപ്പം തൊഴിൽ അവസരങ്ങൾ വർധിക്കുമെന്ന് ഇവിടെയും പറയുന്നു. ധാന്യങ്ങൾ ഒഴികെയുള്ള തനത് കാർഷികോൽപന്നങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും  ഉൽപാദിപ്പിക്കുന്നതിന് അനുമതി നൽകുമെന്നും പറയുന്നു. ഇത് കാർഷിക മേഖലയുടെ പുനരുജ്ജീവനവുമായാണ് ബന്ധപ്പെടുത്തുന്നത്. സർക്കാരിനെ പിടിച്ചുനിർത്തുന്ന പ്രധാന വരുമാന മാർഗമാണ് മദ്യത്തിൽ നിന്നുള്ളത് എന്നതു എല്ലാവർക്കും അറിയാം. അതിനപ്പുറം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനങ്ങളിലൊന്നായി മദ്യവും കണക്കാക്കപ്പെടുന്നു എന്നതാണ് ഈ നയരൂപീകരണത്തിൽ തെളിയുന്നത്. 


മദ്യനയത്തെ വിവിധ മേഖലകളിലെ തൊഴിലവസരങ്ങളുമായി ബന്ധപ്പെടുത്തിയുള്ള നീക്കം മദ്യവ്യാപനത്തിന് പരോക്ഷമായി പ്രോത്സാഹനം നൽകുന്നതാണ്. വ്യാജ മദ്യം ഉണ്ടാക്കുന്നവർ എന്തിൽനിന്നും മദ്യം ഉണ്ടാക്കാൻ ശേഷിയുള്ളവരാണ്. സർക്കാരും അതുപോലെയാകുക പരിഹാസ്യമാണ്. നമ്മുടെ കാർഷികാഭിവൃദ്ധി എല്ലാവർക്കും ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലൂന്നിയാകണം. അല്ലാതെ ഏതെല്ലാം കാർഷിക വിഭവങ്ങളിൽനിന്ന് മദ്യമുണ്ടാക്കാം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാകരുത്. മരച്ചീനിയിൽനിന്ന് മദ്യമുണ്ടാക്കാനുള്ള നിർദേശം ഇത്തവണ ബജറ്റ് പ്രസംഗത്തിൽ തന്നെ ധനമന്ത്രി മുന്നോട്ടു വെച്ചതാണ്. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഉഴലുന്ന സർക്കാരിന് മദ്യവരുമാനം വർധിപ്പിക്കുന്നത് ഒരു എളുപ്പ പ്രക്രിയ ആയി തോന്നുന്നതിൽ അത്ഭുതമില്ല. എന്നാൽ അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതം വളരെ വലുതായിരിക്കും എന്ന് കൂടി തിരിച്ചറിയണം.


ഐ.ടി പാർക്കുകളിൽ പ്രത്യേകം മാറ്റിവെച്ച സ്ഥലങ്ങളിൽ മദ്യഷോപ്പുകൾ അനുവദിക്കാനുള്ള തീരുമാനം ഇതുമായി ബന്ധപ്പെട്ടു കാണണം. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന് ഇതു വേണം എന്നത്രേ സർക്കാർ അവകാശവാദം. പ്രമുഖ ഐ.ടി കമ്പനികളുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. കേരളത്തിൽ ഐ.ടി പാർക്കുകളിലെ ജീവനക്കാർക്കും അതിഥികൾക്കും ജോലി സമയം കഴിഞ്ഞാൽ വേണ്ടത്ര വിനോദോപാധികളില്ല എന്ന പരാതി ഐ.ടി കമ്പനികൾക്കു പരക്കെയുണ്ടത്രേ. മറ്റു ഐ.ടി കേന്ദ്രങ്ങളിൽ കിട്ടുന്ന സൗകര്യങ്ങൾ ഇവിടെയില്ലാത്തത് നിക്ഷേപകർ എത്തുന്നതിനു തടസ്സമാവുന്നു. അതൊഴിവാക്കാൻ കർശന വ്യവസ്ഥകളോടെ മദ്യഷോപ്പുകൾ അനുവദിക്കുകയാണ്. പബ് തുടങ്ങിയ സൗകര്യങ്ങളുടെ അഭാവം നിരവധി ഐ.ടി കമ്പനികൾ കേരളത്തിലേക്കു വരുന്നതിനു തടസ്സമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് നേരത്തേ മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞിരുന്നതാണ്. 


കേരളത്തിന് ഏറെ സാധ്യതകളുള്ള മേഖലയാണ് ഐ.ടി വികസനം. അതിനു വേണ്ടി അന്താരാഷ്ട്ര തലത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ മടിച്ചുനിന്നാൽ നമുക്കു ലഭിക്കാവുന്ന മുതൽമുടക്കുകൾ മറ്റു സ്ഥലങ്ങളിലേക്കു പോയേക്കാം എന്ന ചിന്തയിൽ ജനത്തെ തളച്ചിടാനാണ് സർക്കാരിന്റെ ശ്രമം. കേരളത്തിന്റെ യുവതലമുറ പ്രധാനമായും ആകർഷിക്കപ്പെടുന്ന മേഖലയാണിത്. ഒന്നര ലക്ഷത്തിലേറെ ഐ.ടി ജീവനക്കാർ കേരളത്തിലുണ്ടെന്നാണ് കണക്ക്. യുവതലമുറയിൽനിന്ന് കൂടുതൽ ആളുകൾ ഇതിലേക്ക് എത്തുന്നുമുണ്ട്.  ഇവർക്കൊക്കെ പ്രധാന ആകർഷണമായി ഐ.ടി പാർക്കുകളിലെ മദ്യഷോപ്പുകൾ മാറുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുക.


കേരളത്തിനു പുറത്തുള്ള പാർക്കുകളിൽ പോയാലും അവർക്കു വേണമെങ്കിൽ അങ്ങനെയൊക്കെയായിക്കൂടേ എന്ന ചോദ്യം ഇവിടെ അങ്ങനെയാവാം എന്നതിനു ന്യായീകരണമാവരുത്. അനിയന്ത്രിതമായ രീതിയിലേക്കു വഴുതിപ്പോകുന്നതു തടയാൻ ഐ.ടി പാർക്ക് അധികൃതരും കമ്പനി പ്രതിനിധികളും സർക്കാരും ശ്രദ്ധിക്കുമോ? 
വർജിക്കേണ്ട വസ്തുവിന്റെ ലഭ്യത കുറക്കുകയാണ് സർക്കാർ വാസ്തവത്തിൽ ചെയ്യേണ്ടത്. പകരം എവിടെയും സുലഭമായി കിട്ടുന്ന വിഭവം എന്ന രീതിയിലേക്ക് അത് മാറ്റുകയാണെങ്കിൽ കുട്ടികൾ വരെ അതിന് അടിമകളാകുന്ന സ്ഥിതിയാകും വന്നു ചേരുക. ഓരോ മദ്യഷാപ്പ് കൂടുതലായി അനുവദിക്കുമ്പോഴും അത്രയും സാമൂഹിക ഉത്തരവാദിത്തം സർക്കാരിനു വർധിക്കുകയാണ്. അത് യുവതലമുറക്കുള്ള സൗകര്യമായാണ് അനുവദിക്കുന്നതെങ്കിൽ ഒരുപടി കൂടി വർധിക്കും ഈ ഉത്തരവാദിത്തം. 


സർക്കാരിന്റെ മദ്യനയം എന്തായാലും മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല. കേരളത്തിൽ മദ്യപാനം ഉണ്ടാക്കുന്ന ഗുരുതരമായ സാമൂഹിക സ്ഥിതിവിശേഷമോ, വർധിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള മദ്യത്തിന്റെ സ്വാധീനമോ സർക്കാരിന്റെ പരിഗണനാവിഷയമായതായി തോന്നുന്നില്ല. മറിച്ച്, ഇതര സംസ്ഥാനങ്ങളിലുള്ളതു പോലെ ഒരു പബ് സംസ്‌കാരം സൃഷ്ടിക്കുക വഴി നിക്ഷേപകരേയും യുവതലമുറയേയും ആകർഷിക്കുക എന്ന ലക്ഷ്യമാണ് പ്രകടമായിക്കാണുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് സംസ്ഥാനത്തിന്റെ സാമൂഹിക സ്ഥിതി വഷളാക്കുകയാണ് ചെയ്യുക. മദ്യം നിരോധിക്കാൻ എന്തായാലും സർക്കാർ തയാറാകില്ല, എന്നാൽ മദ്യലഭ്യത കുറച്ചുകൊണ്ട് സാമൂഹിക പ്രത്യാഘാതം തടയാൻ കഴിയും. അതിന് തയാറല്ല എന്ന സന്ദേശം തന്നെയാണ് മദ്യനയത്തിലൂടെ സർക്കാർ നൽകുന്നത്. പല കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും വാക്ക് ഒരു വശത്തും പ്രവൃത്തി മറ്റൊരിടത്തുമായി നിലകൊള്ളുന്നു. ഇതാണ് ജനാധിപത്യത്തിന്റെ മറ്റൊരു അദ്ഭുതവും സാധ്യതയും.
 

Latest News