ഉദ്യോഗക്കയറ്റത്തില്‍ സംവരണം മാറ്റിയാല്‍ ഗുരുതരപ്രത്യാഘാതമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി-സര്‍ക്കാര്‍ ജോലിയില്‍ പട്ടികജാതി, പട്ടിക വിഭാഗങ്ങള്‍ക്ക് ഉദ്യോഗ കയറ്റത്തിനുള്ള സംവരണം നീക്കിയാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജീവനക്കാര്‍ ഇതിനെതിരേ സംഘടിക്കുമെന്നും നിരവധി നിയമയുദ്ധങ്ങള്‍ക്ക് വഴി തെളിക്കുമെന്നുമാണ് വിഷയം പരിഗണിക്കുന്ന ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍ ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിനു മുന്നില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. സംവരണം നല്‍കുന്നത് ഭരണഘടനപരമാണെന്നും ഇക്കാര്യത്തില്‍ കോടതി നിര്‍ദേശപ്രകാരമുള്ള നിയമങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി.
    സംവരണം അനുവദിച്ചില്ല എങ്കില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തിനുള്ള ആനുകൂല്യം നഷ്ടമാകും. മാത്രമല്ല, ഇത്തരത്തില്‍ ഉദ്യോഗക്കയറ്റം ലഭിച്ചവരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പുനര്‍നിര്‍ണയിക്കേണ്ടി വരും. ഒരു പക്ഷേ അധിക ശമ്പളം തിരിച്ചു പിടിക്കേണ്ട അവസ്ഥ വരെ വന്നേക്കും. ഇത് വലിയ നിയമ യുദ്ധങ്ങള്‍ക്കും തൊഴിലാളി പ്രക്ഷോഭത്തിനും ഇടയാക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
    പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനാകില്ലെന്ന് കഴിഞ്ഞ ജനുവരി 28നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സംവരണം അടിസ്ഥാനമാക്കിയുള്ള സ്ഥാനക്കയറ്റത്തില്‍ ആശയക്കുഴപ്പം ഉള്ളതു കൊണ്ട് നിരവധി നിയമനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. അതിനാല്‍, എത്രയും വേഗം തീര്‍പ്പുണ്ടാക്കി തരണമെന്നായിരുന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചിരുന്നത്. സ്ഥാനക്കയറ്റത്തിന് സംവരണം വേണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് വ്യക്തമാക്കുന്നു കണക്കുകള്‍ കാണിക്കണം. ഇതിനായി പ്രത്യേക കമ്മീഷനെയോ മറ്റാരെയെങ്കിലുമോ ചുമതലപ്പെടുത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
    അതനുസരിച്ച് നല്‍കിയ സത്യവാങ്മൂലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു മതിയായ പ്രാതിനിധ്യമില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഉദ്യോഗക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തത് ഒരു തരത്തിലും ഭരണ സംവിധാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഓരോ ഉദ്യോഗസ്ഥരുടെയും കഴിവും മിടുക്കും പ്രതിവര്‍ഷം വിലയിരുത്തുന്നുണ്ടെന്നും പ്രവര്‍ത്തന ക്ഷമത ഉള്‍പ്പടെ കണക്കാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
    കേന്ദ്ര സര്‍ക്കാരിന്റെ 75 മന്ത്രാലയങ്ങളിലും വിവിധ വകുപ്പുകളിലുമായി 27,55,430 ജീവനക്കാരാണുള്ളത്. ഇതില്‍ 4,79,301 പേര്‍ പട്ടിജാതി വിഭാഗവും 2,14,738 പേര്‍ പട്ടിക വര്‍ഗ വിഭാഗവും 4,57,148 പേര്‍ മറ്റു പിന്നാക്ക വിഭാഗങ്ങളുമാണെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ വ്യക്തമാക്കി.

 

Latest News