സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരായി 146 വിദേശ വനിതകള്‍

റിയാദ് - സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരായി 146 വിദേശ വനിതകള്‍ ജോലി ചെയ്യുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നാലാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 17.4 ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാരുണ്ട്. ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 10,184 ഹൗസ് ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സൗദിയിലെ ഗാര്‍ഹിക തൊഴിലാളികളില്‍ 53.5 ശതമാനവും ഹൗസ് ഡ്രൈവര്‍മാരാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 32.6 ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണുള്ളത്.
വേലക്കാരും ശുചീകരണ തൊഴിലാളികളുമായി സൗദിയില്‍ 14.2 ലക്ഷം പേര്‍ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തില്‍ 56.2 ശതമാനവും വനിതകളാണ്. വീടുകളിലും ഇസ്തിറാഹകളിലും കെട്ടിടങ്ങളിലും വാച്ച്മാന്മാര്‍ (ഹാരിസുമാര്‍) ആയി 25,042 വിദേശികള്‍ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തില്‍ 12 പേര്‍ വനിതകളാണ്. ഹൗസ് മാനേജര്‍മാരായി 2,480 പേര്‍ ജോലി ചെയ്യുന്നു. ഇതില്‍ 1,399 പേര്‍ പുരുഷന്മാരും 1,081 പേര്‍ വനിതകളുമാണ്.
ആഫ്രിക്കയിലെയും ഏഷ്യയിലെയും എട്ടു രാജ്യങ്ങളില്‍ നിന്നു കൂടി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് വൈകാതെ അവസരമൊരുക്കാന്‍ ശ്രമിച്ചുവരുന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ 16 രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ സൗകര്യമുണ്ട്. ഇന്ത്യ, ഫിലിപ്പൈന്‍സ്, നൈജര്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്‌നാം, മൗറിത്താനിയ, ഉഗാണ്ട, എരിത്രിയ, ദക്ഷിണാഫ്രിക്ക, മഡഗസ്‌കര്‍, ഉസ്‌ബെക്കിസ്ഥാന്‍, കംബോഡിയ, മാലി, കെനിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് നിലവില്‍ സൗദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതിയുള്ളത്.

 

Latest News