Sorry, you need to enable JavaScript to visit this website.

സൗദിവല്‍ക്കരണം കുറക്കാന്‍ സമ്മര്‍ദം; ചേംബറുകള്‍ പഠനം തുടങ്ങി

റിയാദ് - ബേക്കറികള്‍ക്ക് ബാധകമായ സൗദിവല്‍ക്കരണ അനുപാതം കുറക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നതിനു മുന്നോടിയായി വിവിധ പ്രവിശ്യകളിലെ ചേംബര്‍ ഓഫ് കൊമേഴ്‌സുകള്‍ പഠനം ആരംഭിച്ചു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രോഗ്രാമിന്റെ ഭാഗമായി ബേക്കറികളെ അടിസ്ഥാന വസ്തു, ഇന്ധന മേഖലയില്‍ ഉള്‍പ്പെടുത്തി മന്ത്രാലയം ഉയര്‍ന്ന സൗദിവല്‍ക്കരണ അനുപാതം ബാധകമാക്കുകയായിരുന്നു. പുതിയ തൊഴില്‍ വിസകള്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, പ്രൊഫഷന്‍ മാറ്റം അടക്കമുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതിന് ഇടത്തരം പച്ച, ഉയര്‍ന്ന പച്ച വിഭാഗങ്ങളില്‍ ഉള്‍പ്പെടാന്‍ ബേക്കറികള്‍ മുമ്പത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഉയര്‍ന്ന തോതില്‍ സൗദിവല്‍ക്കരണം പാലിക്കണം. ഇത് ബേക്കറി മേഖലയിലെ നിക്ഷേപകര്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും കുറിച്ചാണ് ചേംബര്‍ ഓഫ് കൊമേഴ്‌സുകള്‍ പഠിക്കുന്നത്.

ഉയര്‍ന്ന തോതില്‍ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ ബേക്കറികള്‍ക്കുള്ള ചില സേവനങ്ങള്‍ ഇതിനകം തന്നെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ത്തിവെച്ചതായി നിക്ഷേപകര്‍ പരാതിപ്പെടുന്നു. നഷ്ടം നേരിടാനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ഇത് ഇടയാക്കിയേക്കുമെന്നും ഇവര്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ബേക്കറി മേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പഠനം നടത്തി സമഗ്ര റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് കൊമേഴ്‌സുകളോട് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് ആവശ്യപ്പെട്ടത്. ചേംബര്‍ ഓഫ് കൊമേഴ്‌സുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബേക്കറികളെ പഴയ വിഭാഗത്തില്‍ തന്നെ വീണ്ടും ഉള്‍പ്പെടുത്തി ബേക്കറികള്‍ക്ക് ബാധകമായ സൗദിവല്‍ക്കരണ അനുപാതം കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിക്കും.
സുദീര്‍ഘമായ ജോലി സമയവും വേതനക്കുറവും കാരണം ബേക്കറി മേഖലയിലെ ജോലി സ്വീകരിക്കാന്‍ സ്വദേശികള്‍ വിസമ്മതിക്കുകയാണ്. സൗദിയില്‍ വിവിധ പ്രവിശ്യകളിലായി 8,000 ലേറെ ബേക്കറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗദിയില്‍ ആറു ലക്ഷത്തിലേറെ സ്വകാര്യ സ്ഥാപനങ്ങളാണുള്ളത്. വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കല്‍ അടക്കമുള്ള അടിസ്ഥാന സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും വിദേശങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്നതിനും നിതാഖാത്ത് പ്രകാരം നിശ്ചിത ശതമാനം സൗദിവല്‍ക്കരണം പാലിച്ച് പച്ച വിഭാഗത്തില്‍ തുടരാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നു.

 

 

Latest News