ബംഗളൂരു- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.
കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാനമാണെന്നും കുറഞ്ഞത് 150 സീറ്റുകളില്‍ വിജയിക്കണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു. ഓരോ വിഷയത്തിലും ഇടപെട്ട് അതിന്റെ പ്രധാന്യം കണക്കിലെടുത്ത് ഒറ്റക്കെട്ടായി പോരാടണം.
പാര്‍ട്ടി നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്കുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം ഒരുമിച്ച് പോരാടി 150 സീറ്റുകള്‍ നേടുക എന്നതാണ്. സംഘടനയിലും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നതിലും യുവാക്കളെയും സ്ത്രീകളെയും കൂടതലായി പരിഗണിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പാവപ്പെട്ടവര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും മറ്റെല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നും എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും ചെറുകിടഇടത്തരം വ്യവസായങ്ങളെ അവര്‍ നശിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി അഴിമതിയെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ അദ്ദേഹം കര്‍ണാടകയില്‍ അതേക്കുറിച്ച് പറഞ്ഞാല്‍, ആളുകള്‍ ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നിറഞ്ഞ സംസ്ഥാനമാണിതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.






