ഓഹരി നിക്ഷേപകരെ ഞെട്ടിച്ച് വാരാന്ത്യം ഇൻഡക്‌സുകൾ തളർന്നു. ബ്ലൂചിപ്പ് ഓഹരികളിൽ ഫണ്ടുകൾ സൃഷ്ടിച്ച വിൽപ്പന സമ്മർദ്ദം മൂലം ബോംബെ സെൻസെക്‌സ് 131 പോയിന്റും നിഫ്റ്റി 31 പോയിന്റും താഴ്ന്നു. ഈ വർഷം വിപണിയിൽ അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ രണ്ടാമത്തെ തകർച്ചയെയാണ് വാരാന്ത്യം നിക്ഷേപകർ സാക്ഷ്യം വഹിച്ചത്. ബി എസ് ഇ സൂചിക 500 പോയിന്റും നിഫ്റ്റി 165 പോയിന്റും വെള്ളിയാഴ്ച്ച ഒറ്റ ദിവസം ഇടിഞ്ഞു.
മുൻവാരം ആദ്യ പകുതിയിൽ മികവ് കാണിച്ച് 34,040 വരെ ബോംബെ സെൻസെക്‌സ് മുന്നേറിയെങ്കിലും രണ്ടാം പകുതി സൂചിക തളർന്നു. ഒരവസരത്തിൽ 33,000 ലെ താങ്ങും തകർത്ത് 32,990 റേഞ്ചിലേയ്ക്ക് നീങ്ങിയ സൂചിക ക്ലോസിങിൽ 33,176 പോയിന്റിലാണ്.
സെൻസെക്‌സിന്റെ 200 ഡി എം എ ആയ 32,834 ഏറെ നിർണായകമാണ് ഈ വാരം. 200 ദിവസത്തെ ശരാശരിയുടെ താങ്ങ് നഷ്ടപ്പെട്ടാൽ 32,764 ലേയ്ക്കും തുടർന്ന് 32,352 പോയിന്റിലേയ്ക്കും സൂചിക സഞ്ചരിക്കാം. വിപണിയുടെ തേഡ് സപ്പോർട്ട് 31,715 പോയിന്റാണ്. മുന്നേറാൻ ശ്രമം നടത്തിയാൽ 33,813-34,451 പോയിന്റിൽ തടസം നേരിടാം.
നിഫ്റ്റി 10,500 പോയിന്റിലേയ്ക്ക് ഉയരാൻ വാരമധ്യം ശ്രമം നടത്തിയെങ്കിലും ബ്ലൂചിപ്പ് ഓഹരികളിൽ ഫണ്ടുകൾ ലാഭമെടുപ്പിനും വിൽപ്പനയ്ക്കും കാണിച്ച തിടുക്കം സൂചികയെ 10,180 വരെ താഴ്ത്തി. മാർക്കറ്റ് ക്ലോസിങിൽ നിഫ്റ്റി 10,195 ലാണ്. 10,094 ലെ ആദ്യ സപ്പോർട്ട് നിലനിർത്തിയാൽ വിപണി 10,381 ലേയ്ക്ക് തിരിച്ചു വരവിന് നീക്കം നടത്താമെങ്കിലും ആദ്യ താങ്ങ് നിലനിർത്താൻ വിപണി ക്ലേശിച്ചാൽ 9993-9807 വരെ പരീക്ഷണങ്ങൾ തുടരാം. നിഫ്റ്റി സൂചിക അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിയെക്കാൾ ഏറെ താഴെയാണ് നീങ്ങുന്നത്.
സ്റ്റീൽ, ഓയിൽ ആന്റ് ഗ്യാസ് വിഭാഗങ്ങൾ പല അവസരത്തിലും വിൽപ്പന സമ്മർദ്ദത്തിലായിരുന്നു. ഭാരതി എയർടെൽ ഓഹരി വില നാല് ശതമാനം വർധിച്ച് 418 രൂപയായി. വിപ്രോ മുന്ന് ശതമാനത്തിൽ അധികം കയറി 295 രൂപയിലും ആക്‌സിസ് ബാങ്ക് 523 രൂപയിലും ഐ സി ഐ സി ഐ ബാങ്ക് 298 രൂപയിലുമാണ്. അതേ സമയം കോൾ ഇന്ത്യ ഓഹരി വില എട്ടര ശതമാനം ഇടിഞ്ഞ് 278 രൂപയായി. റ്റി സി എസ് ഏഴ് ശതമാനത്തോളം താഴ്ന്ന് 2825 രൂപയായും എൽ ആന്റ റ്റി 1267 രൂപയായും താഴ്ന്നു.
ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 24 പൈസ മെച്ചപ്പെട്ട് 65.17 ൽ നിന്ന് 64.93 ലേയ്ക്ക് കയറി. വിദേശ ഓപ്പറേറ്റർമാർ ഈ മാസം ഇതിനകം 6400 കോടി രൂപയുടെ നിക്ഷേപം തിരിച്ചു പിടിച്ചു.
മുൻ നിരയിലെ പത്ത് കമ്പനികളിൽ ആറിന്റെയും വിപണി മൂല്യത്തിൽ 52,000 കോടി രൂപയുടെ ഇടിവ്. റ്റി സി എസിന് കനത്ത തിരിച്ചടിനേരിട്ടു. എച്ച് ഡി എഫ് സി, ആർ ഐ എൽ, എച്ച് യു എൽ, ഒ എൻ ജി സി, എസ് ബി ഐ എന്നിവയ്ക്ക് തിരിച്ചടി നേരിട്ടപ്പോൾ എച്ച് ഡി എഫ് സി ബാങ്ക്, മാരുതി, ഇൻഫോസീസ് എന്നിവയ്ക്ക് നേട്ടം.
ഏഷ്യയിൽ ജപ്പാൻ, ഹോങ്‌ങ്കോങ്, ചൈനീസ് മാർക്കറ്റുകൾ വാരാന്ത്യം വിൽപ്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. അതേ സമയം യു എസ്-യൂറോപ്യൻ വിപണികൾ വാരാവസാനം നേട്ടത്തിലായിരുന്നു. യു എസ് ഫെഡ് റിസർവ് പലിശ നിരക്കിൽ ഭേദഗതികൾക്ക് നീക്കം നടക്കുമെന്ന സൂചനകൾ സ്വർണ വിലയിൽ സമ്മർദ്ദമുളവാക്കി. 1323 ഡോളറിൽ നിന്ന് 1313 ലേയ്ക്ക് താഴ്ന്ന സ്വർണത്തിന് 1309 ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 1260 റേഞ്ചിലേയ്ക്ക് പരീക്ഷണം നടത്താം.