Sorry, you need to enable JavaScript to visit this website.

ബാങ്ക് നിലപാടിൽ തട്ടിത്തകരുന്ന  പ്രവാസി സ്വപ്‌ന പദ്ധതി 

നോർക്ക റൂട്ട്‌സിന്റെ പ്രവാസി ക്ഷേമ പദ്ധതി ധനകാര്യസ്ഥാപനങ്ങളുടെ നിലപാടിൽ തട്ടി തകരുന്നു. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികൾക്കായി പ്രഖ്യാപിക്കപ്പെട്ട നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (NDPREM) എന്ന സ്വപ്‌ന പദ്ധതിയാണ് ബാങ്കുകളുടെ നിലപാട് കാരണം വർഷങ്ങളായി എവിടെയുമെത്താതെ നിൽക്കുന്നത്.  20 ലക്ഷം രൂപവരെ മൂലധന ചെലവുള്ള സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ബാങ്ക് വായ്പ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി.  മൂലധനത്തിലും പലിശയിലും സാമാന്യം നല്ല സബ്‌സിഡിയുളളതാണ് പദ്ധതി.  തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനമാണ്  പദ്ധതിയിൽ  ഉദ്ദേശിച്ചിട്ടുള്ളത്.  20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 15ശതമാനം മൂലധന സബ്‌സിഡി (പരമാവധി 3 ലക്ഷം രൂപ വരെ)യായിരുന്നു നിർദ്ദേശിക്കപ്പെട്ടത്. താൽപര്യമുളള സംരംഭങ്ങൾക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തിൽ പരിശീലന കളരികൾ, ബോധവൽക്കരണ സെമിനാറുകൾ എന്നിവ നടത്താനും നിർദ്ദേശിക്കപ്പെട്ടു. ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾക്കും ,അത്തരം പ്രവാസികൾ  ആരംഭിക്കുന്ന സഹകരണ സംഘങ്ങൾക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം എന്നെല്ലാമുള്ള ആകർഷകമായ നിർദ്ദേശങ്ങളാണ് പദ്ധതി മുന്നോട്ട് വെച്ചത്.  
കാർഷിക  വ്യവസായം (കോഴി വളർത്തൽ- മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉൾനാടൻ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്‌കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളർത്തൽ, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളർത്തൽ തുടങ്ങിയവയും  കച്ചവടം (പൊതു വ്യാപാരം  വാങ്ങുകയും വിൽക്കുകയും ചെയ്യൽ, കടകൾ) റിപ്പേയർ ഷോപ്പ്, റസ്‌റ്റോറൻറുകൾ, ടാക്‌സി സർവ്വീസുകൾ, ഹോംസ്‌റ്റേ തുടങ്ങിയവ, പൊടിമില്ലുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ഫർണിച്ചറും തടി വ്യവസായവും, സലൂണുകൾ, പേപ്പർ കപ്പ്, പേപ്പർ റീസൈക്ലിംഗ്, ചന്ദനത്തിരി, കംപ്യൂട്ടർ ഉപകരണങ്ങൾ തുടങ്ങിയവയൊക്കെയാണ് പദ്ധതിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുളളത്. പലതും ഗ്രാമങ്ങളിൽ പോലും തുടങ്ങാവുന്ന പദ്ധതികൾ.
തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിന് മാർഗനിർദ്ദേശം നൽകുകയും മൂലധന സബ്‌സിഡി നൽകുകയും ചെയ്യുക, തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങൾ സർക്കാർ നടപടിക്രമങ്ങൾ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈത്താങ്ങ്  നൽകുക, തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാർഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക എന്നതൊക്കെയാണ് പദ്ധതിയുടെ ഉദാത്ത ലക്ഷ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടത്. 
ചില ബാങ്കുകളുടെ കർക്കശ വ്യവസ്ഥകൾ കാരണം പദ്ധതിയുടെ ഗുണം പ്രവാസികൾക്ക് പൊതുവിൽ ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ്  കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. ''ഈ പദ്ധതിയോട് സഹകരിക്കാൻ സർക്കാർ, ബാങ്കുകളോട് നിരന്തരം അഭ്യർഥിച്ചു വരികയും, ചർച്ചകൾ സംഘടിപ്പിക്കുകയും, സ്റ്റേറ്റ് ലെവൽ ബാങ്കിങ്ങ് കമ്മിറ്റി യോഗങ്ങളിൽ വിഷയം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്'' എന്നാണ് കെ.വി. അബ്ദുൽ ഖാദറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി തുറന്ന് പറഞ്ഞത്.  എസ്.ബി.ഐ, സൗത്ത് ഇന്ത്യൻബാങ്ക്, യൂനിയൻ ബാങ്ക് പിന്നോക്ക സമുദായ വികസന കോർപ്പറേഷൻ, കേരള പ്രവാസി വെൽഫെയർ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ എന്നിവയാണ്  നോർക്ക റൂട്ട്‌സുമായി ധനസംബന്ധിയായ കാര്യങ്ങൾക്കായി കരാർ ഒപ്പുവെച്ച സ്ഥാപനങ്ങൾ. 
പദ്ധതിയിൽ അപേക്ഷകർ വളരെ കുറവാണെന്ന കാര്യം ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥക്ക് കാരണം ബാങ്കുകളുടെ നിലപാടാണെന്ന് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.
വലിയ പ്രതീക്ഷയോടെ ആരംഭിക്കുന്ന പ്രവാസി പദ്ധതികൾ ഏത് വിധത്തിലാണ് ഇല്ലാതായിപ്പോകുന്നത് എന്നതിന്റെ പല ഉദാഹരണങ്ങളിൽ ഒന്നു മാത്രമായി ഈ സംരംഭവും ഇടം പിടിക്കുകയാണ്.  

Latest News