Sorry, you need to enable JavaScript to visit this website.

വാഹനാപകട പെരുപ്പത്തിന് കൂച്ചുവിലങ്ങിട്ട് സൗദി

വിഷൻ 2030 സൗദി അറേബ്യയിൽ സമഗ്ര മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരികയാണ്. രാജ്യം വികസനത്തിലേക്കു കുതിക്കുന്നതോടൊപ്പം സാമ്പത്തിക പുരോഗതിയും കൈവരിച്ചു വരികയാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാകുന്നതു പോലെ തന്നെയാണ് സാമൂഹിക, സാംസ്‌കാരിക, കായിക രംഗത്തെയും മാറ്റങ്ങൾ. സമൂല പരിവർത്തനം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള പരിഷ്‌കരണ നടപടികളാണ് രാജ്യത്ത് നടന്നു വരുന്നത്. 2030 ഓടെ ലോക വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുകയെന്ന കാഴ്ചപ്പാടോടു കൂടിയാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വിഷൻ 2030 അവതരിപ്പിച്ചിട്ടുള്ളത്. ആ ലക്ഷ്യം കൈവരിക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ലാത്ത വിധത്തിലാണ് പരിപാടികളും പദ്ധതികളും രാജ്യത്ത് നടപ്പാക്കി വരുന്നത്. 
വാഹന ഗതാഗത രംഗത്തെ പരിഷ്‌കരണം ഇതിൽ എടുത്തു പറയേണ്ടതാണ്. ലോക രാജ്യങ്ങൾക്കു മുൻപിൽ സൗദി അറേബ്യ ഏറെ പഴി കേട്ട മേഖലയാണ് റോഡ് ഗതാഗതം. വാഹനാപകടങ്ങളുടെ പെരുപ്പമായിരുന്നു ഇതിനു കാരണം. ഒരു നിയന്ത്രണവും ചിട്ടയും ഇല്ലാതെയുള്ള ഡ്രൈവിംഗ് ആയിരുന്നു ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. അഞ്ചു വർഷം മുൻപു വരെ വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞതും പരിക്കേറ്റ് ജീവച്ചവങ്ങളായി മാറിയതും ആയിരങ്ങളായിരുന്നു. 2018 ൽ വാഹനാപകടങ്ങളിൽ 5787 പേർ മരിച്ചപ്പോൾ 30,579 പേർക്കാണ് പരിക്കേറ്റത്. തൊട്ടടുത്ത വർഷം ഇത് യഥാക്രമം 5754 ഉം 32,910 ഉം ആയിരുന്നു. അതിപ്പോൾ ഗണ്യമായി കുറഞ്ഞുവെന്നു വേണം പറയാൻ. അഞ്ചു വർഷം മുൻപ് ജനസംഖ്യയിൽ ഒരു ലക്ഷം പേർക്ക് 28.8 എന്ന തോതിലായിരുന്നു അപകടങ്ങളിലെ പ്രതിവർഷ മരണ നിരക്ക്. എന്നാൽ ഇപ്പോഴത് ഒരു ലക്ഷം പേർക്ക് 13.3 എന്ന തോതിലേക്ക് കുറക്കാൻ കഴിഞ്ഞു.  ജനസംഖ്യയിൽ ഒരു ലക്ഷം പേർക്ക് എട്ട് എന്ന തോതിലേക്ക് അപകടങ്ങളിലെ പ്രതിവർഷ മരണ നിരക്ക് കുറക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പറയുന്നു. അഞ്ചു വർഷം മുമ്പ് വാഹനാപകടങ്ങളിലും മരണങ്ങളിലും ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളിൽ ഒന്നായിരുന്നു സൗദി അറേബ്യ. അഞ്ചു വർഷത്തിനിടെ ഈ പ്രശ്നത്തിന് വലിയ മുൻഗണന നൽകി അപകടങ്ങളുടെ തോത് കുറക്കാനായി.  
ഗതാഗത സുരക്ഷാ കമ്മിറ്റി പ്രസിഡന്റായി ഗതാഗത മന്ത്രിയെയോ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയെയോ നിയമിക്കാതെ ആരോഗ്യ മന്ത്രിയെ തന്നെ  കിരീടാവകാശി നിയമിക്കുകയും ചെയ്തു.  വാഹനാപകടങ്ങൾ ഏറ്റവുമധികം ദോഷകരമായി ബാധിക്കുക ആരോഗ്യ മേഖലയെയാതിനാൽ തന്നെയായിരുന്നു ഈ സ്ഥാനത്ത് ആരോഗ്യ മന്ത്രിയുടെ നിയമനം. ഗതാഗത സുരക്ഷാ കമ്മിറ്റിയുടെ പ്രവർത്തനം വലിയ ഗുണം ചെയ്തുവെന്നു വേണം പറയാൻ. 


സൗദി അറേബ്യയിൽ വാഹനാപകടങ്ങൾ ഗണ്യമായി കുറയാൻ ഒരു പ്രധാന കാരണം നിയമങ്ങൾ കർശനമാക്കുകയും കുറ്റക്കാർക്കെതിരെ കടുത്ത നടപടി എടുക്കുകയും ചെയ്തതോടെയാണ്. നിയമം ലംഘിക്കുന്നവരെ മുഖം നോക്കാതെ നടപടിക്കു വിധേയരാക്കി. വേഗ നിയന്ത്രണമാണ് ഇതിൽ എടുത്തു പറയേണ്ടത്. ഇന്ന് രാജ്യത്തെ ഒട്ടുമിക്ക റോഡുകളും ക്യാമറകളുടെ നിരീക്ഷണത്തിലാണ്. അനുവദിക്കപ്പെട്ട വേഗത്തിൽ കൂടുതൽ ആരെടുത്താലും കുടുങ്ങും. ഇത് അമിത വേഗത്തിലുള്ള പാച്ചിലിന് കൂച്ചുവിലങ്ങിട്ടു. 

വാഹനങ്ങളുടെ പിരിയോഡിക്കൽ ചെക്കിംഗ് കർശനമാക്കുകയും അതു നിർവഹിക്കാത്തവർക്കെതിരെ നടപടി എടുക്കുകയും ചെയ്തതോടെ മോശമായ വാഹനങ്ങളുടെ എണ്ണം നിരത്തുകളിൽ കുറഞ്ഞു. 
പൊതുഗതാഗത പ്രോത്സാഹനമാണ് മറ്റൊരു ഘടകം. നഗരങ്ങളിലെ വാഹനക്കുരുക്കിന് ഇത്തരം സംവിധാനം ആശ്വാസമാണ്. ഇന്ന് നഗരങ്ങളിൽ ആധുനിക ബസുകൾ യാത്രക്കു ലഭ്യമാണ്. അതുപോലെ ആഭ്യന്തര വിമാന സർവീസകളുടെ എണ്ണവും റെയിൽ ഗതാഗത സൗകര്യവും മുൻപത്തേക്കാളും വർധിച്ചു. ഇതും റോഡുകളിൽ വാഹനങ്ങൾ കുറക്കാൻ സഹായിച്ചു. വാഹനങ്ങളുടെ ബാഹുല്യം കുറയുമ്പോൾ സ്വാഭാവികമായി അപകടങ്ങളുടെ എണ്ണവും കുറയും. പൊതുഗതാഗത സൗകര്യം വർധിപ്പിച്ചതിന്റെ ഭാഗമായി മക്കയിൽ മാത്രം മക്ക ബസ് പദ്ധതിക്കു കീഴിൽ 400 ബസുകളാണ് സർവീസ് നടത്തുന്നത്. 
വാഹനങ്ങളുടെ പെരുപ്പം തടയുന്നതിലും അതുവഴി അപകടങ്ങൾ കുറക്കുന്നതിലും പെട്രോളിനുണ്ടായ വില വർധനയും മൂല്യവർധിത നികുതിയും (വാറ്റ്) ഒരു പങ്കു വഹിച്ചിട്ടുണ്ടെന്നാണ് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ന് സൗദിയിൽ പെട്രോൾ 91 ഇനത്തിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമാണ് വില. ഏതാനും വർഷം മുൻപു വരെ അൻപത് ഹലലയിൽ താഴെയായിരുന്നു വില. ഇത് അനാവശ്യ യാത്രകൾ നടത്താൻ പലരെയും പ്രേരിപ്പിച്ചിരുന്നു. എന്നാൽ പെട്രോൾ ഉൽപന്നങ്ങൾക്ക് വില കൂടിയതോടെ അനാവശ്യ യാത്രകൾ കുറഞ്ഞു. പെട്രോൾ വില വർധന മൂലം അപകടങ്ങളിൽ 22.4 ശതമാനത്തിന്റെയും അപകട മരണങ്ങളിൽ 14.1 ശതമാനത്തിന്റെയും കുറവുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. 
ഹൈലൈറ്റ്

അഞ്ചു വർഷം മുൻപ് ജനസംഖ്യയിൽ ഒരു ലക്ഷം പേർക്ക് 28.8 എന്ന തോതിലായിരുന്നു അപകടങ്ങളിലെ പ്രതിവർഷ മരണ നിരക്ക്. എന്നാൽ ഇപ്പോഴത് ഒരു ലക്ഷം പേർക്ക് 13.3 എന്ന തോതിലേക്ക് കുറക്കാൻ കഴിഞ്ഞു.  ജനസംഖ്യയിൽ ഒരു ലക്ഷം പേർക്ക് എട്ട് എന്ന തോതിലേക്ക് അപകടങ്ങളിലെ പ്രതിവർഷ മരണ നിരക്ക് കുറക്കുകയാണ് അടുത്ത ലക്ഷ്യം.

Latest News