ഇതാണ് മറുപടി; ഏഴര പതിറ്റാണ്ട് മുസ്ലിംകള്‍ കാത്തുസൂക്ഷിച്ച ഭൂമിയില്‍ ഉയരുന്നത് ക്ഷേത്രവും പള്ളിയും ഗുരുദ്വാരയും

ടിറ്റ്‌വാള്‍- കശ്മീരി പണ്ഡിറ്റുകള്‍ക്കായി 75 വര്‍ഷം മുസ്ലിംകള്‍ കാത്തുസൂക്ഷിച്ച ഭൂമിയില്‍ ഉയരുന്നത് ക്ഷേത്രവും ഗുരുദ്വാരയും പള്ളിയും. പാക്കധീന കശ്മീരില്‍നിന്ന് 500 മീറ്റര്‍ മാത്രം ഇപ്പുറത്തുള്ള ജമ്മു കശ്മീരിലെ ടിറ്റ്‌വാള്‍ ഗ്രാമത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നത്. ഇവിടെ ക്ഷേത്രവും ഗുരുദ്വാരയും പള്ളിയും നിര്‍മ്മിക്കപ്പെടുമ്പോള്‍ വിദ്വേഷ പ്രചാരണവും ധ്രുവീകരണവും ശക്തമായിരിക്കുന്ന ഇന്ത്യയില്‍ ആവശ്യമായ സാഹോദര്യത്തിന്റെ ഉദാഹരണമായി മാറുന്നു.

1947 ലെ വിഭജനത്തിനുശേഷം പുരാതന ശാരദാപീഠം ക്ഷേത്രവും അതിന്റെ കോമ്പൗണ്ടും ഗുരുദ്വാരയും കബാലി ആക്രമണം എന്നറിയപ്പെടുന്ന ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.  അന്നുമുതല്‍ ഈ തുണ്ട് ഭൂമി മുസ്‌ലിംകളായ ഭൂരിപക്ഷ സമുദായം അതേപടി നിലനിര്‍ത്തി. 2021ല്‍ വാര്‍ഷിക ശാരദാപീഠ യാത്രയ്ക്കും ആരാധനയ്ക്കും വേണ്ടി പണ്ഡിറ്റുകള്‍ എത്തിയപ്പോള്‍ ഗ്രാമവാസികള്‍ ഈ ഭൂമി അവര്‍ക്കു കൈമാറി.

2021 ഡിസംബറില്‍ ഇവിടെ പരമ്പരാഗത പൂജകള്‍ നടത്തി. ക്ഷേത്രം പുതുക്കിപ്പണിയുന്നതിനായി സേവ് ശാരദ കമ്മിറ്റി എന്ന പേരില്‍  ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയില്‍ മൂന്ന് മുസ്ലിംകളും ഒരു സിഖുകാരനും കശ്മീരി പണ്ഡിറ്റുകളും ഉള്‍പ്പെടുന്നു.

വടക്കന്‍ കശ്മീരിലുള്ള ടിറ്റ് വാള്‍  ഗ്രാമത്തില്‍ മാര്‍ച്ച് 28 ന് മാതാ ശാരദാ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ക്ഷേത്രത്തോടൊപ്പം ഗുരുദ്വാരയുടെയും പള്ളിയുടെയും നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്.  സാഹോദര്യത്തിന്റെ മാതൃക ഇവിടെ ഉയര്‍ന്നുവരുമെന്നും അതാണ് ലക്ഷ്യമെന്നും സേവ് ശാരദ കമ്മിറ്റി (എസ്എസ്‌സി) ഭാരവാഹികള്‍ പറഞ്ഞു.

 

Latest News