Sorry, you need to enable JavaScript to visit this website.

ശ്രീലങ്ക നൽകുന്ന പാഠം

കേരളത്തിന്റെ ഒന്നര ഇരട്ടിയിലേറെ ഭൂവിസ്തൃതിയും എന്നാൽ കേരളത്തിന്റെ മൂന്നിൽ രണ്ട് മാത്രം ജനസംഖ്യയുമുള്ള ശ്രീലങ്കക്ക് വന്നുപതിച്ച വിപത്ത് കേരളത്തിന് വലിയൊരു പാഠമാണ്. പ്രത്യേകിച്ച് യാതൊരു തത്വദീക്ഷയുമില്ലാതെ വികസനം എന്നു പറഞ്ഞ് കടം വാങ്ങിക്കൂട്ടാൻ സർക്കാർ ശ്രമിക്കുമ്പോൾ. കാർഷിക മേഖലയിലോ, വ്യാവസായിക മേഖലയിലോ ശ്രീലങ്കയെ പോലെ സ്വയം പര്യാപ്തമല്ലല്ലോ കേരളവും. അരി നമുക്ക് ആന്ധ്രയിൽനിന്ന് വരണം. പച്ചക്കറിയും പാലും കോഴിയും തമിഴ്‌നാട്ടിൽനിന്ന്. പലവ്യഞ്ജനങ്ങൾ ആന്ധ്രയിൽനിന്നോ, മഹാരാഷ്ട്രയിൽനിന്നോ. ഇതൊക്കെ നമ്മുടെ രാജ്യത്തു തന്നെയുള്ള സംസ്ഥാനങ്ങളായതിനാൽ ഇറക്കുമതിക്കു വേണ്ടി ഡോളർ മുടക്കേണ്ടിവരുന്നില്ലെന്ന് മാത്രം.

ഭരണാധികാരികൾക്ക് വകതിരിവില്ലെങ്കിൽ ഒരു രാജ്യം എങ്ങനെ സാമ്പത്തികമായി തകരാമെന്നതിന്റെ ഉത്തമോദഹരണാണ് ശ്രീലങ്ക. പതിറ്റാണ്ടുകൾ നീണ്ട തമിഴ് ഭീകരപ്രവർത്തനങ്ങൾ മൂലം നേരിട്ട തകർച്ചയെ അതിജീവിച്ച്, ഒരു വേള ആളോഹരി വരുമാനത്തിലും വളർച്ചയിലുമെല്ലാം ഇന്ത്യയെ പോലും കവച്ചുവെച്ചിരുന്ന രാജ്യം ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ലക്കും ലഗാനമില്ലാതെ കടം വാങ്ങിക്കൂട്ടിയ ഭരണാധികാരികൾ വരുത്തിവെച്ച ദുരന്തം. കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതി കൊണ്ടും കേരളവുമായി ഏറെ സാമ്യമുള്ള ശ്രീലങ്ക ഇന്ന് നേരിടുന്ന പ്രതിസന്ധി കേരളത്തിനും വലിയൊരു പാഠമാണ്.
നിത്യോപയോഗ സാധനങ്ങൾക്കും പെട്രോൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾക്കും വില കുതിച്ചുയർന്നതോടെ ആഴ്ചകളായി ലങ്കയിൽ ജനം തെരുവിൽ പ്രതിഷേധത്തിലാണ്. ഒരു കിലോ അരിക്ക് 300 ലങ്കൻ രൂപക്കടുത്താണ് ഇപ്പോൾ വില. 400 ഗ്രാം പാൽപൊടിക്ക് 800 രൂപ കൊടുക്കണം. എന്നാൽ പോലും കിട്ടാനില്ല. പാലൊഴിച്ച ഒരു ചായ കിട്ടണമെങ്കിൽ നൂറ് രൂപ കൊടുക്കണം. പെട്രോൾ ലിറ്ററിന് 300 കടന്നു. ഡീസലിന് ഇരുന്നൂറിന് മുകളിലാണ്. അതു തന്നെ റേഷനും. പച്ചക്കറികളും പയർവർഗങ്ങളും എന്നുവേണ്ട എല്ലാത്തിനും തീവില. ഏറ്റവുമൊടുവിൽ കടലാസും മഷിയും ഇറക്കുമതി ചെയ്യാൻ പണമില്ലാതെ സ്‌കൂൾ പരീക്ഷകൾ മാറ്റിവെച്ചു. ന്യൂസ് പ്രിന്റ് കിട്ടാനില്ലാത്തതിനാൽ രാജ്യത്തെ പ്രമുഖ പത്രങ്ങൾ അച്ചടി നിർത്തി. നടത്തിക്കൊണ്ടുപോകാൻ പണമില്ലാത്തതിനാൽ മൂന്ന് വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങൾ ശ്രീലങ്കൻ സർക്കാർ പൂട്ടി.
രാജ്യം ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് കാരണങ്ങൾ പലതുണ്ടെങ്കിലും അവയിൽ ഏറ്റവും ഗുരുതരമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് യാതൊരു കണക്കുകൂട്ടലുമില്ലാതെ വിദേശ രാജ്യങ്ങളിൽനിന്ന്, പ്രത്യേകിച്ച് ചൈനയിലും ജപ്പാനിലും നിന്ന്, പണം കടം വാങ്ങി കാട്ടിക്കൂട്ടിയ ധൂർത്താണെന്നാണ്. കൃഷിയും വ്യവസായവും പോലെ ഉൽപാദന മേഖലയിലേക്ക് കാര്യമായ നിക്ഷേപം നടത്താതെ ടൂറിസം വികസനമെന്ന ഏക ലക്ഷ്യം മുൻനിർത്തി നടത്തിയ പൊങ്ങച്ച പദ്ധതികൾ കോവിഡ് കാലത്ത് ടൂറിസം മേഖല തകർന്നതോടെ തിരിച്ചടിച്ചു. ഒന്നര പതിറ്റാണ്ടായി ലങ്കൻ ഭരണം കൈപ്പിടിയിലൊതുക്കിയിരിക്കുന്ന രജപക്‌സെ കുടുംബത്തിന്റെ തല തിരിഞ്ഞ നയങ്ങളെല്ലാം രാജ്യത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടുന്നതായി.
തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ 2009 ൽ വധിക്കുകയും ഭീകര സംഘടനയായ എൽ.ടി.ടി.ഇയെ അമർച്ച ചെയ്യുകയും ചെയ്തതോടെ അന്നത്തെ ലങ്കൻ പ്രസിഡന്റായിരുന്ന മഹീന്ദ രജപക്‌സെക്ക് ഭൂരിപക്ഷ സിംഹള ജനതക്കിടയിൽ ലഭിച്ച അഭൂതപൂർവമായ ജനപിന്തുണയാണ് ഒരു ദീർഘവീക്ഷണവുമില്ലാതെ പൊങ്ങച്ചം കാണിക്കാനുള്ള പദ്ധതികൾക്ക് പിന്നാലെ പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അനുകൂല കാലാവസ്ഥയും ഫലഭൂയിഷ്ടമായ കൃഷിഭൂമിയും ഒക്കെയുണ്ടെങ്കിലും ലങ്കയുടെ കാർഷിക മേഖലയിലും ഭക്ഷ്യോൽപാദന മേഖലയിലും ഒരിക്കലും സ്വയം പര്യാപ്തമായിരുന്നില്ല. അത്തരമൊരു ലക്ഷ്യം നേടണമെന്ന ആഗ്രഹവും ആ രാജ്യം ഭരിച്ച ഭരണാധികാരികൾക്ക് ഇല്ലായിരുന്നു. പകരം ടൂറിസത്തിലൂടെ പണം കണ്ടെത്തുന്നതിനാണ് അവർ ഊന്നൽ നൽകിയത്. ഈയൊരു ലക്ഷ്യത്തോടെയായിരുന്നു മഹീന്ദ രജപക്‌സെയുടെയും നീക്കം. ചൈനീസ് സഹായത്തോടെ 2000 കോടിയിലേറെ രൂപ മുടക്കി സ്വന്തം നാടായ മട്ടാലയിൽ അദ്ദേഹം പണിത എയർപോർട്ട് ടൂറിസം വികസനത്തിന് ഏറെ സഹായം ചെയ്യുമെന്നായിരുന്നു അവകാശവാദം. അതുണ്ടായില്ലെന്ന് മാത്രമല്ല, വിമാന സർവീസുകൾ ഇല്ലാത്ത റൺവേയിൽ കാട്ടുമൃഗങ്ങൾ സൈ്വരവിഹാരം നടത്തുകയാണിപ്പോൾ. കോടികൾ മുടക്കിയ ഹബ്ബൻതോട്ട തുറമുഖവും രാജ്യത്തിന് ഒരു വരുമാനവും നേടിക്കൊടുത്തില്ല. തലസ്ഥാനമായ കൊളംബോയുടെ പ്രാന്തത്തിൽ പണിതുയർത്തിയ ടൂറിസം പ്രോജക്ടുകളും ഉദ്ദേശിച്ച ഫലം ചെയ്തില്ല.
ഉൽപാദനം നന്നേ കുറവായതിനാൽ ഭക്ഷ്യവസ്തുക്കളും പാൽപൊടിയും ഇന്ധനവും മരുന്നുമടക്കം നിത്യജീവിതത്തിന് വേണ്ട മിക്ക വസ്തുക്കളും ഇറക്കുമതി ചെയ്യുകയായിരുന്നു ശ്രീലങ്കയിൽ. ടൂറിസം മേഖലയിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഈ ഇറക്കുമതി. പ്രതിവർഷം നാല് ബില്യൺ ഡോളറായിരുന്നു ശ്രീലങ്കയുടെ ടൂറിസം വരുമാനം. എന്നാൽ 2019 ലെ ഈസ്റ്റർ ആക്രമണവും അതിനു പിന്നാലെ ഉണ്ടായ കോവിഡ് മഹാമാരിയും രാജ്യത്തെ ടൂറിസം മേഖലയെ സ്തംഭിപ്പിച്ചു. വരുമാനമില്ലാതായി. ഡോളർ ഇല്ലാത്തതിനാൽ ഇറക്കുമതി നിലച്ചു. അതിനിടെയാണ് കരുതൽ ഡോളർ ശേഖരം താഴേക്ക് പോകാതിരിക്കാനായി പ്രസിഡന്റ് ഗോധബയ രജപക്‌സെ കൈക്കൊണ്ട വിചിത്ര തീരുമാനം. രാസവളം ഇറക്കുമതി വേണ്ടെന്നുവെച്ച അദ്ദേഹം രാജ്യത്തെ കർഷകർ ജൈവ കൃഷിയിലേക്ക് തിരിയണമെന്ന് നിർദേശിച്ചു. അതോടെ ഉള്ള കാർഷികോൽപാദനവും പകുതിയായി കുറഞ്ഞു. തേയിലയുടെയും മറ്റും കയറ്റുമതി നിലച്ചു.
ഇതിനിടയിലാണ് മുമ്പ് നടത്തിയ വമ്പൻ പദ്ധതികളുടെ തിരിച്ചടവ് ഡെമോക്ലീസിന്റെ വാൾപോലെ മുകളിൽ തൂങ്ങിയത്. ഇന്ന് രാജ്യത്തിന്റെ മൊത്തം കരുതൽ ധനശേഖരത്തേക്കാൾ കൂടുതലാണ് ലങ്കയുടെ തിരിച്ചടവ്. വരുമാനം കുറഞ്ഞതോടെ കടം തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. സഹായത്തിനു വേണ്ടി ചൈനയെ സമീപിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. ഇപ്പോൾ ഇന്ത്യയുടെയും ഐ.എം.എഫിന്റെയുമൊക്കെ സഹായം തേടുകയാണ് ശ്രീലങ്ക. ഇന്ത്യ സഹായം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഐ.എം.എഫും സഹായിക്കും. പക്ഷേ കർക്കശ വ്യവസ്ഥകൾ മുമ്പോട്ടു വെക്കും.
കേരളത്തിന്റെ ഒന്നര ഇരട്ടിയിലേറെ ഭൂവിസ്തൃതിയും എന്നാൽ കേരളത്തിന്റെ മൂന്നിൽ രണ്ട് മാത്രം ജനസംഖ്യയുമുള്ള ശ്രീലങ്കക്ക് വന്നുപതിച്ച വിപത്ത് കേരളത്തിന് വലിയൊരു പാഠമാണ്. പ്രത്യേകിച്ച് യാതൊരു തത്വദീക്ഷയുമില്ലാതെ വികസനം എന്നു പറഞ്ഞ് കടം വാങ്ങിക്കൂട്ടാൻ സർക്കാർ ശ്രമിക്കുമ്പോൾ. കാർഷിക മേഖലയിലോ, വ്യാവസായിക മേഖലയിലോ ശ്രീലങ്കയെ പോലെ സ്വയം പര്യാപ്തമല്ലല്ലോ കേരളവും. അരി നമുക്ക് ആന്ധ്രയിൽനിന്ന് വരണം. പച്ചക്കറിയും പാലും കോഴിയും തമിഴ്‌നാട്ടിൽനിന്ന്. പലവ്യഞ്ജനങ്ങൾ ആന്ധ്രയിൽനിന്നോ മഹാരാഷ്ട്രയിൽനിന്നോ. ഇതൊക്കെ നമ്മുടെ രാജ്യത്തു തന്നെയുള്ള സംസ്ഥാനങ്ങളായതിനാൽ ഇറക്കുമതിക്കു വേണ്ടി ഡോളർ മുടക്കേണ്ടിവരുന്നില്ലെന്ന് മാത്രം. പ്രവാസികൾ അയക്കുന്ന പണം, ടൂറിസം, പിന്നെ റബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി ഇതൊക്കെയാണ് നമ്മുടെ വരുമാനങ്ങൾ. ഇതിൽ ടൂറിസം മേഖല തകർന്നിരിക്കുകയാണ്. ഗൾഫിലെ പ്രതിസന്ധി മൂലം പ്രവാസി റെമിറ്റൻസ് ഇടിഞ്ഞുകൊണ്ടിരിക്കുന്നു.
ഈയൊരു സാഹചര്യത്തിൽ സിൽവർ ലൈൻ പോലെ എടുത്താൽ പൊങ്ങാത്ത വമ്പൻ പദ്ധതികൾ കേരള സർക്കാർ നടപ്പാക്കുന്നത് പലവട്ടം ആലോചിച്ചു വേണം. സർക്കാരിന്റെ കണക്കു പ്രകാരം തന്നെ 68,000 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണിത്. നീതി ആയോഗ് കണക്കുകൂട്ടുന്നത് ഒന്നേകാൽ ലക്ഷം കോടിയെന്നാണ്. ഏത് കണക്കിലായാലും കേരളം ഇതുവരെ ഏറ്റെടുത്തിട്ടുള്ള വികസന പദ്ധതികളേക്കാളെല്ലാം പതിന്മടങ്ങ് ചെലവ് വരുന്ന പദ്ധതി. അതിനു പുറമെ കുടിയൊഴിപ്പിക്കൽ, പരിസ്ഥിതി നാശം തുടങ്ങിയ പ്രശ്‌നങ്ങൾ വേറെ.
എതിർപ്പുകളെല്ലാം തരണം ചെയ്ത് ജപ്പാൻ നൽകുന്ന കടം വാങ്ങി നടപ്പാക്കിയാൽ തന്നെ പദ്ധതി അടുത്ത കാലത്തൊന്നും ലാഭത്തിലാകാൻ പോകുന്നില്ല. വെറും 20 കിലോമീറ്റർ സർവീസ് നടത്തുന്ന കൊച്ചി മെട്രോ ദിവസം ഒരു കോടി രൂപ നഷ്ടം വരുത്തുന്ന കണക്ക് നമ്മുടെ മുന്നിലുണ്ട്. കെ.റെയിൽ യാഥാർഥ്യമായാലും അത് വരുത്തിവെക്കാൻ പോകുന്ന നഷ്ടം നമുക്ക് ഊഹിക്കാൻ പോലുമാകില്ല. കേരളത്തിന്റെ മൊത്തം വരുമാനം എടുത്താലും കടം തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ വരും. തിരിച്ചടവ് ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന് ഏറ്റെടുക്കേണ്ടിവന്നാൽ കേരളത്തിന്റെ നികുതി വിഹിതത്തിൽനിന്ന് പിടിച്ചുകൊണ്ടാവും അവരത് ചെയ്യുക. അതോടെ സംസ്ഥാനത്തിന് കേന്ദ്ര സഹായം കിട്ടാതാവും. ഒരു വികസന പ്രവർത്തനവും നടക്കാതെ വരും. സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങും. പെൻഷൻ നിർത്തിവെക്കേണ്ടിവരും. ക്ഷേമപദ്ധതികൾ നിലയ്ക്കും. നമ്പർ വൺ കേരളം രാജ്യത്തെ പിന്നോക്ക സംസ്ഥാനങ്ങളേക്കാൾ താഴേക്ക് പോകും.
ശ്രീലങ്കയുടെ പ്രതിസന്ധി ഈ സമയത്ത് തന്നെ രൂക്ഷമായത് കേരളത്തിലെ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. നമ്മുടെ വികസന മുൻഗണനകൾ പുനർവിചിന്തനം ചെയ്യേണ്ട സമയാണിത്. ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട.

Latest News