Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരിച്ചറിയപ്പെടാത്ത നേതാക്കൾ 

അജിത് സിംഗ് ഒഴുക്കൻ മട്ടിൽ പറഞ്ഞുപോയ കാര്യം ഓരോ തെരഞ്ഞെടുപ്പിലെയും വിജയികളുടെ പട്ടിക വരുമ്പോൾ ഓർമ വരുന്നു.
ഏതാനും ആഴ്ചകൾ പ്രധാനമന്ത്രിയായ ചരൺ സിംഗിന്റെ മകനാണ് അജിത് സിംഗ്. മകനും ഒന്നു രണ്ടു വട്ടം മന്ത്രിയായി.  കർഷകനേതാവിന്റെ മകൻ അമേരിക്കയിൽ പഠിച്ചുവന്ന് നേതൃത്വപൈതൃകം ഏറ്റെടുക്കുകയായിരുന്നു. കൃഷി ആയിരുന്നില്ല അദ്ദേഹത്തിനു കമ്പം.  വ്യവസായവും കുതികാൽ വെട്ടുമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. 
കോൺഗ്രസിനു ബദലെന്ന്  അവകാശപ്പെട്ടുകൊണ്ട് രൂപമെടുത്ത ജനതാ പാർട്ടിയുടെ തുടക്കത്തിനു മുമ്പേയുള്ള സവിശേഷത കലഹമായിരുന്നു.  അജിത് സിംഗിന്റെ അച്ഛൻ പാർട്ടിയെ ഉള്ളിൽനിന്നു കുത്തിയപ്പോൾ ഭരണം തകർന്നു. പിന്നെ പുതിയൊരു പാർട്ടിയുടെ പേരു പറഞ്ഞ് ചരൺ സിംഗ് പ്രധാനമന്ത്രിയായി.
പ്രതീക്ഷിച്ച പോലെ അതും പൊളിഞ്ഞു.  ഇതെല്ലാം 1977നു ശേഷമുള്ള കഥ.
പിന്നെ, ജനതാ പാർട്ടിയുടെ ഘടകങ്ങളായിരുന്ന പലതും പല പേരുകളിൽ ഹാജർ വിളിച്ചു പറഞ്ഞു.  അവയിലൊന്നായിരുന്നു അജിത് സിംഗിന്റെ പാർട്ടി. സ്വാഭാവികമായും അതും വടം വലികൊണ്ട് ശ്രദ്ധേയമായിരുന്നു.  ആരു നേതാവാവണം എന്നതായിരുന്നു എപ്പോഴും പ്രശ്‌നം. ഒരിക്കൽ എസ് ആർ ബൊമ്മെ എന്നൊരാളായി അജിത് സിംഗ് കൂടി ഉൾപ്പെട്ട കക്ഷിയുടെ അധ്യക്ഷൻ.  എന്തുകൊണ്ട് താനായില്ല എന്ന ചോദ്യത്തിന് അജിത് സിംഗിന് ഉത്തരം കിട്ടിയില്ല.
അങ്ങനെ മുഷിഞ്ഞും മുറിഞ്ഞും ഇരുന്ന ഒരു വൈകുന്നേരം അജിത് സിംഗ് ഒരു അമ്പ് തൊടുത്തു, അധ്യക്ഷനു നേരേ.  ദേശീയ പാർട്ടിയുടെ അധ്യക്ഷനായ ബൊമ്മെ നട്ടുച്ചക്ക് പട്‌ന തീവണ്ടിയാപ്പീസിൽ അച്ചാലും പിച്ചാലും നടന്നാൽ ആരും തിരിച്ചറിയുമെന്ന് പേടിക്കേണ്ട.  അതായിരുന്നു തന്റെ പാർട്ടിയുടെ നേതാവിന്റെ പരിചിതത്വത്തെപ്പറ്റിയുള്ള അജിത് സിംഗിന്റെ പരിഹാസം. 
ബൊമ്മെ അങ്ങനെ അറിയപ്പെടാതിരുന്ന ആളൊന്നുമല്ല.  കർണാടകത്തിൽ മുഖ്യമന്ത്രിയായിരുന്നു. കേന്ദ്രത്തിൽ സീനിയർ മന്ത്രിയായിരുന്നു.  ഒരു ദേശീയ കക്ഷിയുടെ തലൈവർ ആയിരുന്നു. എന്നാലും റെയിൽവേ പ്ലാറ്റ്‌ഫോമിൽ കയറിനിന്നാൽ കണ്ടവരാരും ബൊമ്മെയെ തിരിച്ചറിയില്ലെന്നായിരുന്നു അജിത് സിംഗിന്റെ ആക്ഷേപം.  എന്തിനാ വേദി പട്‌ന ആക്കിയോ ആവോ? ബംഗളൂരു തന്നെ ആക്കിയാലും കണ്ടവരെല്ലാം തിരിച്ചറിഞ്ഞെന്നു വരില്ല എന്നും അജിത് സിംഗ് ധരിച്ചിരിക്കും.
അത് അജിത് സിംഗിനെപ്പറ്റിയും അദ്ദേഹത്തിന്റെ അച്ഛനെപ്പറ്റിയും ചിലർ പറഞ്ഞേക്കും.  കേന്ദ്ര ആഭ്യന്തരമന്ത്രിയാകും വരെ ചരൺ സിംഗ് ഏതെങ്കിലും ദക്ഷിണേന്ത്യൻ നഗരത്തിലോ ഗ്രാമത്തിലോ പോയിരിക്കില്ല.  ഇന്ദിരാഗാന്ധിയെ ന്യൂറെംബെർഗ് മാതൃകയിൽ വിചാരണ ചെയ്യണമെന്ന് നിർദ്ദേശിച്ച അദ്ദേഹത്തെ ആ വാക്കുകൾകൊണ്ടേ ആളുകൾ അധികവും തിരിച്ചറിഞ്ഞുള്ളു; മുഖവും സ്വരവും കണ്ടാലും കേട്ടാലും മനസ്സിലാകുന്നവർ ദക്ഷിണേന്ത്യയിൽ കുറവായിരുന്നു.  നേതൃത്വത്തിന്റെ പൈതൃകം ഏറ്റെടുക്കാൻ ബിലാത്തിയിൽനിന്നിറങ്ങിവന്ന അജിത് സിംഗിനെപ്പറ്റിയും അങ്ങനെയൊക്കെ പറയാമായിരിക്കും. 
ത്രിപുരയിലെ ദശരഥ് ദേബിനെയോ ഇപ്പോഴത്തെ ബിപ്ലബ് ദേബിനെയോ തമിഴ് നാട്ടിൽ എല്ലാവരും ഒറ്റ നോട്ടത്തിൽ തിരിച്ചറിയണമെന്നില്ല.  അന്നാട്ടിലെ കാര്യം നോക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരാണല്ലോ അവർ. 
പക്ഷേ നാടെങ്ങും തീവണ്ടി പായിക്കുകയും പാഠപുസ്തകം പരിഷ്‌കരിക്കുകയും ചെയ്യുന്നവരുടെ മുഖങ്ങൾ ഒട്ടൊക്കെ പരിചിതമായിരിക്കണം, നാടെങ്ങും.  അല്ലെങ്കിൽ, അങ്ങനെയായിരുന്നു ധാരണ കാൽ നൂറ്റാണ്ടു മുമ്പ് വരെ. 
എസ്. രാധാകൃഷണന്റെ തലപ്പാവും ശബ്ദവും ശൈലിയും ഇന്ത്യയിൽ എവിടെയും ആളുകളുടെ അംഗീകാരം പിടിച്ചുപറ്റിയിരുന്നു.  സർക്കാർ സ്ഥാപനങ്ങളിൽ പടം പ്രദർശിപ്പിച്ചിരിക്കുമ്പോഴും
പ്രതിഭാ പാട്ടീലിന്റെ രൂപം എല്ലാവരുടെയും മനസ്സിൽ പതിഞ്ഞിരുന്നോ? വിനീതനായ രാം നാഥ് കോവിന്ദിന്റെയോ?  പ്രശസ്തരായവരേ ഉയർന്ന പദവികളിൽ എത്താവൂ എന്നു നിബന്ധിക്കുകയല്ല, ഉയർന്ന പദവികളിൽ എത്തുന്നവർ എന്തുകൊണ്ട് എപ്പോഴും പ്രശസ്തരാകുന്നില്ല എന്നു ചോദിക്കുകയാണിവിടെ.  
ജവഹാർലാൽ നെഹ്‌റു ഉള്ളപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാമായിരുന്ന പലരും ഉണ്ടായിരുന്നു. പട്ടേലോ ആസാദോ രാജാജിയോ ആരെയും അത്ഭുതപ്പെടുത്തുന്ന പേരുകളായിരുന്നില്ല. ആളുകൾ ഇല്ലാതിരുന്നതുകൊണ്ടല്ല, ഉള്ളവരിൽ ആരാവണം അടുത്ത പ്രധാനമന്ത്രി എന്ന സമസ്യ കാരണമായിരുന്നു കേട്ടു തഴമ്പിച്ച ആ ചോദ്യം തങ്ങിനിന്നത്, ഏറെ കാലം: നെഹ്‌റുവിനു ശേഷം ആർ?
അതിനു മറുപടിയായി ഉയർന്നുവന്ന ആ കൊച്ചുമനുഷ്യൻ ഇന്ത്യക്ക് അപരിചിതനായിരുന്നില്ല. പ്രശസ്തിയുടെ ജാടകൾ ഇല്ലാതിരുന്ന, ശരീരത്തിന്റെ വ്യാപ്തം വലുതല്ലാതിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയെ എവിടെ കണ്ടാലും ആരും തിരിച്ചറിയുമായിരുന്നു. 
പിന്നീടു വന്ന രണ്ടു പേർ അവർ സ്ഥാനം പിടിയിലൊതുക്കുന്നതിനുമെത്രയോ മുമ്പ് അറിയപ്പെട്ടവരായിരുന്നു.  വേഷം കൊണ്ടും ഭൂഷകൊണ്ടും ഭാഷകൊണ്ടും ഇന്ദിരാ ഗാന്ധി അമ്പതുകൾ മുതലേ ജനദൃഷ്ടിയിൽ ഉണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ ബിംബനിർമാണം തുടങ്ങിയതും അക്കാലത്തു തന്നെ.  ഞാൻ ആദ്യം പഠിച്ച ഇംഗ്ലീഷ് 
പാഠപുസ്തകത്തിൽ രാജീവിന്റെ പടമുണ്ടായിരുന്നു. സ്‌തോഭജനകമായ സംഭവങ്ങളിലൂടെ അദ്ദേഹം ഉയർന്നതും ഉടഞ്ഞുവീണതും ചരിത്രം. 
രാജീവ് ഗാന്ധിക്കു ശേഷം വന്ന പലരെയും അജിത് സിംഗ് പരിഹസിക്കാനുപയോഗിച്ച വാക്കുകളുടെ വെളിച്ചത്തിൽ കാണാം.  പ്രധാനമന്ത്രിയുടെ വിശ്വസ്തനായും പ്രധാനപ്പെട്ട പല വകുപ്പുകളും വഹിച്ചും മുന്നിലെത്തിയ വി പി സിംഗ് ഒന്നാം നമ്പർ കസേരയിൽ കയറിക്കൂടിയപ്പോൾ തീർത്തും ദേശീയനേതാവായി തിരിച്ചറിയപ്പെട്ടിരുന്നില്ല.  ചിലർ അങ്ങനെയാണ്, സ്ഥാനം കിട്ടിയാൽ അറിയപ്പെടും; ചിലർ അറിയപ്പെട്ടിട്ടും സ്ഥാനം നേടുകയില്ല.
ഉദാഹരണം ജ്യോതിബസു.  ബസുവിന്റെ പാർട്ടിക്ക് അന്നോ ഇന്നോ പ്രധാനമന്ത്രിപദം നേടാനുള്ള ബലം ഉണ്ടായിട്ടില്ല.  എന്നാലും അദ്ദേഹം തൊട്ടു തൊട്ടില്ല എന്ന നിലയിലെത്തി. ബസുവിനെ എന്നേ ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു.  വീക്ഷണത്തിന്റെ വൈരുധ്യത്തിൽ പെട്ട് ആ സാധ്യത തട്ടിക്കളയാൻ പോന്ന പാകത്തിലായിരുന്നു അദ്ദേഹത്തിന്റെ പാർട്ടിയുടെ 'ചരിത്രപരമായ മണ്ടത്തരം.'
മറിച്ചായിരുന്നു ദേവഗൗഡയുടെ ഭാവി.  അദ്ദേഹമോ വേറെ ആരെങ്കിലുമോ കിനാവിൽ പോലും കാണാതിരുന്നതാണ് അദ്ദേഹത്തിന്റെ ഉയർച്ച.  ദേവഗൗഡക്ക് ഭാവിയുടെ വിളി വന്നത് അദ്ദേഹം അൾസൂർ തടാകത്തിന്റെ കരക്ക് കാറ്റുകൊണ്ടിരുന്നപ്പോഴാണ്.  പിന്നെ ഒറ്റ കുതിപ്പാണ് തലസ്ഥാനത്തേക്ക്, പ്രധാനമന്ത്രി ആകാൻ. അതിനുശേഷമേ നാടിനു മുഴുവൻ അദ്ദേഹത്തെ പടത്തിലാണെങ്കിലും ഒരു നോക്കു കണ്ടു തൊഴാനായുള്ളൂ. അറിയപ്പെടാത്ത ആർക്കും പ്രതീക്ഷക്കു വകയുണ്ടെന്ന് ആ സംഭവം തെളിയിച്ചു. 
നാടു മുഴുവൻ തിരിച്ചറിയപ്പെടുക എളുപ്പമല്ല. ടെലിവിഷനിൽ മുഖം മിന്നി മറയുന്നതു കണ്ടിട്ടുള്ളവരും എപ്പോഴും നേതാവിനെ ഓർത്തിരിക്കുകയോ തിരിച്ചറിയുകയോ ചെയ്യണമെന്നില്ല.  പടം പിടിപ്പിക്കാനും പേര് പത്രത്തിൽ വരുത്താനും കേരളത്തിലെ നേതാക്കളും ആഞ്ഞുപിടിക്കാറുണ്ടെങ്കിലും സഹ്യനപ്പുറം മിക്കപ്പോഴും മിക്കവരും അന്യരായി നിൽക്കുന്നു. കേരള ഹൗസും ഐ എൻ എസ് കെട്ടിടവും ആകാം അവരുടെ ലോകത്തിന്റെ ചക്രവാളം.  കരുണാകരൻ കിംഗ് മേക്കർ ആയി അറിയപ്പെടാൻ തുടങ്ങിയപ്പോഴേ അദ്ദേഹത്തെ തിരഞ്ഞ് അന്യനാട്ടുകാർ കേരള ഹൗസിൽ എത്തിയിരുന്നുള്ളു. 
എന്നിട്ടും അന്നൊന്നുംഅതിനുശേഷവും അദ്ദേഹത്തെ കിംഗ് ആവാൻ സാധ്യതയുള്ള ആളായി ആരും കണ്ടറിഞ്ഞില്ല. ഒരു പക്ഷേ അദ്ദേഹത്തെക്കാൾ കൂടുതൽ അധികാരകേന്ദ്രത്തിൽ പിടിപ്പുള്ള എ.കെ ആന്റണി അത്ര തന്നെ ദേശീയനേതാവായി തിരിച്ചറിയപ്പെടുന്നുണ്ടോ എന്നു വിലയിരുത്തേണ്ടതാണ്.  
രണ്ടു സ്ഥിതി വിശേഷം ഇട തട്ടിച്ചു നോക്കുക.  ഒന്ന്, ഏറെ കാലമായി തിരിച്ചറിയപ്പെടുന്ന ഒരാൾ ഉന്നതപദവിയിൽ എത്തുന്നു.  രണ്ട്, പരിചയം കുറഞ്ഞ ഒരു മുഖം സിംഹാസനത്തിൽ കേറുന്നു. ഒന്നിനൊന്ന് ദോഷമെന്നു പറയാനില്ലെങ്കിലും ആദ്യത്തെ സാധ്യത ഉരുത്തിരിയുന്നത് സ്വാഭാവികമായിട്ടാണെന്നു പറയാം.  വലിയ വെട്ടുകളും കുതികാൽ വെട്ടുകളും ഇല്ലാതെ സംഭവിക്കുന്നതാവാം ആ പരിണാമം. അറിയപ്പെടാത്ത ഒരാൾ അധികാരശൃംഗത്തിലെത്തുന്നത് ജനത്തിന് അത്ഭുതം പകരും. എന്നു തന്നെയല്ല, അയാളെ അവിടെ കയറ്റിയിരുത്താൻ അണിയറക്കുള്ളിൽ ചവിട്ടു നാടകങ്ങൾ പലതും ആടേണ്ടിയും വരും, പലപ്പോഴും ജനാധിപത്യത്തെ കൊഞ്ഞനം കാട്ടുന്ന നാടകങ്ങൾ.  
അതുകൊണ്ട്, അജിത് സിംഗ് പറഞ്ഞ പോലെ, പേട്ടയിലെയോ പട്‌നയിലെയോ പ്ലാറ്റ്‌ഫോമിൽ ഉലാത്തിയാൽ ജനം തിരിച്ചറിയാത്ത ഒരാളാവരുത് നേതാവ്.  നേതാവിന്റെ മുഖം തലമുറകളിലൂടെ തിരിച്ചറിയപ്പെട്ടുവരണം. അങ്ങനെയൊരു മുഖം വരാതിരിക്കാനായിരിക്കും സ്വാഭാവികമായും നിലവിലെ നേതൃത്വത്തിന്റെ ശ്രമം. തനിക്കു ശേഷം പ്രളയം എന്നാണല്ലോ. 
 

Latest News