തായിഫ് - അനധികൃത സമ്മൂസ റോള്‍ നിര്‍മാണ കേന്ദ്രത്തില്‍ തായിഫ് നഗരസഭ റെയ്ഡ് നടത്തി. സമ്മൂസ റോളിന് ആവശ്യം വര്‍ധിക്കുന്ന വിശുദ്ധ റമദാനില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മൊത്തമായി വിതരണം ചെയ്യാന്‍ വേണ്ടി വിദേശികള്‍ നിയമ വിരുദ്ധമായി ആരംഭിച്ച സമ്മൂസ റോള്‍ നിര്‍മാണ കേന്ദ്രത്തിലാണ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നഗരസഭാധികൃതര്‍ റെയ്ഡ് നടത്തിയത്. സ്ഥാപനം അധികൃതര്‍ അടപ്പിച്ചു.
വിതരണത്തിന് തയാറാക്കിയ സമ്മൂസ റോളുകളുടെ വന്‍ ശേഖരവും റോള്‍ നിര്‍മാണത്തിനുള്ള മാവ് ശേഖരവും മൈദ ശേഖരവും മറ്റും അനധികൃത കേന്ദ്രത്തില്‍ കണ്ടെത്തി. ആരോഗ്യ, നഗരസഭാ വ്യവസ്ഥകള്‍ പാലിക്കാതെയാണ് ഇവിടെ വിദേശികള്‍ സമ്മൂസ റോള്‍ നിര്‍മിച്ചിരുന്നത്.
വൃത്തിഹീനമായ കൈ ഉപയോഗിച്ച് കൈയുറകള്‍ ധരിക്കാതെ തൊഴിലാളികളില്‍ ഒരാള്‍ മാവ് കുഴക്കുന്നതായും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകളില്ലെന്നും മറ്റു നിയമ ലംഘനങ്ങളും സ്ഥാപനത്തില്‍ കണ്ടെത്തി. അനധികൃത സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് തായിഫ് നഗരസഭ പറഞ്ഞു.