അന്തരിച്ച സ്റ്റീഫൻ ഹോക്കിംങിനോളം വരില്ലെങ്കിലും തൊട്ടടുത്ത പടിയിൽ നിർത്താവുന്ന ഒരു ശാസ്ത്രജ്ഞനാണ് കോടിയേരി ബാലകൃഷ്ണൻ എന്ന് നമ്മൾ തിരിച്ചറിയേണ്ട കാലം വൈകി. വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല എന്ന സിനിമാ ഗാനം പോലെ തന്നെ വാടിവാളിന് വെട്ടുന്നതും വെട്ടിനിരത്തുന്നതുമൊന്നും ബാർബറുടെ പണിയല്ലെങ്കിലും, പാർട്ടിക്ക് അതൊക്കെ ആവശ്യമാണ്. 51 വെട്ടുകളിലൂടെ ടി.പി. ചന്ദ്രശേഖരനെ കൊന്നത് 'അമ്പത്തൊന്നക്ഷരാളി' എന്നു തുടങ്ങുന്ന എഴുത്തച്ഛന്റെ മലയാളം കാണാപ്പാഠം പഠിച്ചിരുന്ന സഖാക്കളാരോ ആണ്. പക്ഷേ, ടി.പി അങ്ങനെയങ്ങുചാകുന്ന കൂട്ടത്തിലല്ലെന്നും, വെട്ടിക്കൊല്ലാൻ കഴിയാത്തതിനാൽ കോടിയേരി ഇപ്പോൾ നക്കിക്കൊല്ലാൻ ശ്രമിക്കുകയാണെന്നും ടി.പിയുടെ പ്രിയതമ കെ.കെ. രമ പറയുന്നതിൽ കാര്യമുണ്ട്. സി.പി.എം ഒരിക്കലും നശിച്ചു കാണാൻ ആഗ്രഹിക്കാതിരുന്ന നേതാവാണ് ടി.പി എന്നാണ് കോടിയേരി വചനം. പാർട്ടിയുമായി അടുക്കാൻ കഴിയുന്ന അവസരം വരുമ്പോൾ അടുക്കണമെന്ന് ടി.പി ആഗ്രഹിച്ചുവെന്നും തെളിഞ്ഞല്ലോ. അടുക്കാൻ കിട്ടുന്ന അവസരം മരണശേഷമാണെന്നു അവർ അങ്ങോട്ടു ഉറപ്പിക്കുകയും ചെയ്തു. പിന്നെ മഹദ് വചനങ്ങൾ എന്തുമാകാമല്ലോ! അങ്ങനെയാണ് കോടിയേരി ശാസ്ത്രജ്ഞനായി മാറുന്നത്.
**** **** ****

പിള്ളമനസ്സിൽ കള്ളമില്ല എന്ന വചനം എത്ര സത്യം! ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ മന്ത്രി ജി. സുധാകരൻ എടുത്തിട്ട ചോദ്യങ്ങൾ തന്നെ ഉദാഹരണം. 'നോക്കുകൂലി' എന്ന അളിഞ്ഞ സംസ്‌കാരം ഏറ്റവും കൂടുതലുള്ളത് അമ്പലപ്പുഴ താലൂക്കിൽ. പോലീസ് സ്വന്തം മനസ്സാലെ ഒരു കേസുപോലും എടുത്തിട്ടില്ല. കമാന്നു മിണ്ടിയിട്ടില്ല. അതിന് നിങ്ങൾക്കും വിഹിതം കിട്ടുന്നുണ്ടോ എന്നാണ് മന്ത്രിയുടെ ചോദ്യം. പത്താം ക്ലാസ് പരീക്ഷാക്കാലമായതിനാൽ പോലീസുകാരുടെ തലനിറയെ സ്വന്തം പിള്ളേരുടെ ചോദ്യോത്തരങ്ങളായിരുന്നു. അതിനാൽ അവരാരും മന്ത്രിക്കു മറുപടി കൊടുത്തില്ല. (ഇനി മന്ത്രിസ്ഥാനം ഒഴിയട്ടെ, അപ്പോൾ കൊടുത്തേക്കാം എന്നു കരുതിയിട്ടുണ്ടോ ആവോ!) എന്തായാലും, തനിക്കു ശരിയെന്നു തോന്നുന്നത് എവിടെ നിന്നും വിളിച്ചുപറയുന്ന കളങ്കമില്ലാത്ത മനസ്സാണ് മന്ത്രിയുടേതെന്നു പോലീസ് ഒഴികെ എല്ലാവർക്കുമറിയാം. പക്ഷേ, മറ്റൊരു കാര്യം മറക്കാൻ പാടില്ല- ജി. സുധാകരൻ മന്ത്രിയെന്നതിലുപരി ഒരു കവിയാണ്. കവി സത്യം വിളിച്ചുപറയുന്നവനാണ്. അസമയത്തു വിളിച്ചു പറഞ്ഞാൽ ഭ്രാന്തനെന്ന പദവി കിട്ടിയെന്നു വരും; ആയിക്കോട്ടെ. സ്വന്തം വകുപ്പായ പൊതുമരാമത്തു മുഴുവനും അഴിമതിക്കാരാണെന്നും അദേഹത്തിലുള്ള കവി വിളിച്ചുപറയും. പാർട്ടിക്ക് സഹിക്കാനാകാതെ വന്നാൽ പുറത്താക്കിയെന്നു വരാം. എന്നാലും കവി കവിതന്നെയാണ്, 'കപി'യാവുകയില്ല. പന്തളം സുധാകരനെന്ന ഖദർ ധാരിയും കവിയാണ്. കണ്ണൂരിലെ കെ. സുധാകരനും കൂടി കവിതയെഴുത്തു തുടങ്ങിയെങ്കിൽ സുധാകരന്മാരുടെ ' കവിത്രയം' ഉണ്ടായേനെ. ആശാൻ- ഉള്ളൂർ- വള്ളത്തോളിനു ശേഷം അദ്ഭുതകരമായ ആ കാഴ്ച കാണാൻ നമുക്കു ഭാഗ്യമുണ്ടാകണേ എന്നാശിക്കാം. ആശാ കിരണങ്ങൾ കാണാനുമുണ്ട്- കെ. സുധാകരൻ കോൺഗ്രസ് വിടുകയില്ല. ബി.ജെ.പിയിൽ ചേരുകയുമില്ല. അങ്ങനെയൊരു ഘട്ടം വന്നാൽ പണിമതിയാക്കി വീട്ടിലിക്കുമെന്നാണ് പ്രഖ്യാപനം. ഭാവിയിൽ ഒരു 'കവിത്രയം' ജന്മമെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വീട്ടിലിരിക്കുന്ന സുധാകരനു സമയം ചെലവാക്കേണ്ട?
നമ്മുടെ നിയമസഭയിലും കവിതയ്ക്കാണ് മുൻതൂക്കം. പ്രതിഭാഹരി സംസാരിക്കുമ്പോൾ 'കവിതയോടു കവിത' തന്നെ അനർഗള പ്രവാഹം എന്ന് സംസ്‌കൃതം! ഏതോ നല്ല ഒരു നേരത്താണ് കഴിഞ്ഞ വർഷം തോമസ് ഐസക് മാഷിന് ബജറ്റ് മുഹൂർത്തത്തിൽ കവിത തോന്നിയത്. തുടർന്നുള്ള സമ്മേളനങ്ങളിൽ കഴിഞ്ഞ ഒന്നരക്കൊല്ലമായി കവിത അണപൊട്ടാത്ത ദിവസങ്ങളില്ല. ജനകീയ പ്രശ്‌നങ്ങളിൽ കവിതയുടെ ആധിക്യം ഗൗരവം കെടുത്തുമെന്ന് നാളെ ഏതെങ്കിലും ഒരു താത്വികാചാര്യൻ വിലപിച്ചെന്നു വരും. തിരുവനന്തപുരം നിരയെ കവിയരങ്ങുകളായതിനാൽ അത് ഭയന്നു കഴിയുന്ന നാട്ടുകാരിൽ ആരും തന്നെ ഇനി നിയമസഭയുടെ സന്ദർശക ഗ്യാലറിയിൽ ചെന്നിരിക്കാൻ സാധ്യതയില്ല. പട പേടിച്ചു പന്തളത്തു ചെന്നപ്പോഴുള്ള അവസ്ഥയായാൽ പിന്നെന്തു ചെയ്യും?
**** **** ****
ഗണേഷ്‌കുമാറിന്റേത് 'പിള്ള മനസ്സല്ല, എന്നാൽ 'കള്ള'വുമില്ല. പിതാവായ പിള്ള കളിക്കുന്നത്ര കളിയൊന്നും കുമാരനു വശമില്ല. എങ്കിലും ചില കടന്നകളികൾ കൊണ്ട് കഴിഞ്ഞ മുഖ്യനെ വലയ്ക്കാൻ കഴിഞ്ഞുവെന്ന് പിന്നാമ്പുറ സംസാരമുണ്ട്. സിനിമയിൽ അദ്ദേഹം നല്ലൊരു 'സഹായി' ആയിരുന്നു. സ്‌പോൺസറെ' കണ്ടു പിടിക്കാനും മുടങ്ങിക്കിടക്കുന്ന പടം പൂർത്തിയാക്കാനുമൊക്കെ ആ 'ബ്രെയിൻ' നന്നായി വർക്കും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു 'മുഴക്കോല് കൊണ്ട് എല്ലാ ഭൂമിയും അളക്കാൻ കഴിയുമോ? ഇല്ലെന്നു കെ.എസ്.ആർ.ടി.സി കുമാരനു കാട്ടിക്കൊടുത്തു. ആ വകുപ്പിൽ കുമാര ഭരണം നടക്കുമ്പോൾ, മിനി ബസുകൾ റോഡിലിറക്കി തലങ്ങും വിലങ്ങും ഇടവഴി തോറും, വീട്ടുപടിയിലൂടെയുമൊക്ക ഓടിച്ച് സർക്കാർ വേലകൾ കാട്ടി ജനത്തെ മൂക്കിൽ വിരൽ വയ്പിച്ചു. സംഗതി ടയർ പൊട്ടി കട്ടപ്പുറത്തായിപ്പോയി എന്നു മാത്രം! 20 പേരുള്ള മിനി ബസിന്റെ ഡ്രൈവർക്കും സൂപ്പർ ഫാസ്റ്റ് ഡ്രൈവറുടെ ശമ്പളം തന്നെ കൊടുക്കണം എന്ന വിവരം മന്ത്രിക്കറിയാതെ പോയി. ആ നിരാശയുള്ളിൽ പൊതിഞ്ഞു നടന്ന ഗണേഷ്‌കുമാർ ഈയിടെ ഒരു റോഡ് ഉദ്ഘാടനം ചെയ്തപ്പോൾ പാഞ്ഞുപോകുന്ന സർക്കാർ ബസിനെ നോക്കി പറഞ്ഞു- ഇവർ ഗതി പടിക്കാത്തത് ഇവരുടെ കർമ പഥം കൊണ്ടുതന്നെ, (നമ്മുടെ മിനി ബസ് അതിൽ കാര്യമില്ല). ഓഫീസിൽ ജോലി ചെയ്യില്ല. നൂറു പേർ അവിടെ അധികപ്പറ്റാണ്, റോഡിൽ കൈ കാണിച്ചാൽ വണ്ടി നിർത്തില്ല- എന്നൊക്കെ. തീർച്ചയായും ഗണേഷൻ പറഞ്ഞതു സത്യമാണ്. ഫാദറിനും കൂടി യൂനിയനുള്ള സ്ഥാപനത്തെക്കുറിച്ചാണ് സത്യപ്രഖ്യാപനം നടത്തിയത്. അതുവേണം. യൂനിയൻ നേതാക്കളായ ജീവനക്കാർ ജോലി ചെയ്യാറില്ല. അക്കാര്യത്തിലും മറ്റു പലകാര്യങ്ങളിലും അവർ തമ്മിൽ ഭിന്നതയുമില്ല. സംശയമുള്ളവർക്ക് ബാർ ഹോട്ടലുകളിൽ രാത്രി 9 മണിക്കു ശേഷം പരിശോധനയാകാം!
**** **** ****

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സോണിയാഗാന്ധി സംഘടിപ്പിച്ച വിരുന്നിൽ ഇടതുപക്ഷ നേതാക്കൾ ഉൾപ്പെടെ 20 പാർട്ടിക്കാർ പങ്കെടുത്തു. എവൈലബിൾ പി.ബിയോ ദേശീയ കൗൺസിലോ തീരുമാനിച്ചിട്ടാണോ എന്നറിയില്ല. ആഹാരം അടിയന്തര കാര്യമായതിനാൽ അതിന്റെ ആവശ്യമുണ്ടാകാനിടയില്ല. ആശയപരമായ പ്രശ്‌നങ്ങളെക്കാൾ വലുതാണ് ആമാശയപരമായ പ്രശ്‌നങ്ങൾ. സോണിയയുടെ അത്താഴവിരുന്നിനെ വെല്ലാൻ ഭരണകക്ഷിയായ എൻ.ഡി.എയും ഉടനെ വിരുന്നു സംഘടിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.
ഇനി 2019ലെ തെരഞ്ഞെടുപ്പു കഴിയും വരെ ഡൽഹിയിലെ ഹോട്ടലുകാർക്കും ബാറുകാർക്കും കാറ്ററിംഗ് സർവീസുകാർക്കും നൃത്തശാലകൾക്കും മറ്റേ തെരുവുകാർക്കും കോളാണ്! അതിനൊക്കെയപ്പുറം അഗണ്യകോടിയിൽപ്പെട്ട ജനങ്ങളുണ്ട്. ആ ഭാഗ്യഹീനർക്കായി ഒന്നാന്തരം പ്രകടന പത്രികകൾ മാർട്ടി കളറിൽ അച്ചടിക്കാൻ സ്വന്തക്കാരും ബന്ധുക്കളും കമ്മീഷൻ ഏജന്റുമാരും നിരന്നു കഴിഞ്ഞു എന്ന സന്തോഷവാർത്തയോടെ നമുക്കു തൽക്കാലം പിരിയാം.






