പതിനാല് വര്‍ഷമായി എയര്‍പോര്‍ട്ടില്‍ താമസം, വീട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ല, സ്വാതന്ത്ര്യം ഇവിടെ

ബീജിംഗ്- ചൈനയില്‍ ഒരാള്‍ പതിറ്റാണ്ടിലേറെയായി താമസം എയര്‍പോര്‍ട്ട് ടെര്‍മിനലില്‍. ചൈനീസ് തലസ്ഥാനത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ കഴിയുന്ന ഇയാള്‍ക്ക് വീട്ടിലേക്കും കുടുംബത്തിലേക്കും മടങ്ങാന്‍ താല്‍പര്യവുമില്ല.
പുകവലിയുടെയും മദ്യപാന ശീലത്തിന്റേയും പേരില്‍ കുടുംബം തെറ്റിയതിനെ തുടര്‍ന്നാണ് വെയ് ജിയാങ്കുവോ താമസം എയര്‍പോര്‍ട്ട് ടെര്‍മിനലിലേക്ക് മാറ്റിയത്.  അറുപതുകാരനായ വെയ്ക്ക് ജോലിയില്ലെന്നും 2008 മുതല്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടിലാണ് താമസിക്കുന്നതെന്നും ചൈന ഡെയ്‌ലിയുടെ റിപ്പോര്‍ട്ട് ചെയ്തു.
വീട്ടില്‍ താമസിക്കണമെങ്കില്‍ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.  സര്‍ക്കാര്‍ അലവന്‍സായി എല്ലാ മാസവും ലഭിക്കുന്ന 1,000 യുവാന്‍ അവര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. പിന്നെ ഞാന്‍ എങ്ങനെ സിഗരറ്റും മദ്യവും വാങ്ങും- വെയ് പറഞ്ഞു.
40 വയസ്സുള്ളപ്പോള്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതാണെന്നും പ്രായാധിക്യം കാരണം പിന്നീട് ജോലി ലഭിച്ചിട്ടില്ലെന്നും വെയ് പറഞ്ഞു.
വെയ് മാത്രമല്ല എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വീടാക്കിയിരിക്കുന്നതെന്നും   അഞ്ചാറുപേര്‍ കൂടിയുണ്ടെന്നും സമീപത്തുണ്ടായിരുന്ന ശുചീകരണ തൊഴിലാളി പറഞ്ഞു.
ഇവര്‍ താമസിക്കുന്നതില്‍ വിമാനത്താവളത്തിലെ ശുചീകരണ,സുരക്ഷാ തൊഴിലാളികള്‍ക്ക് എതിര്‍പ്പൊന്നുമില്ല.  
കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് തൊട്ടുമുമ്പ് ടെര്‍മിനലിലെ വെയിറ്റിംഗ് റൂമില്‍ നൂഡില്‍സ് കഴിക്കുന്നതിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് വെയ്യോട് പുറത്തു പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അധികം താമസിയാതെ എയര്‍പോര്‍ട്ട് ടെര്‍മിനലിലേക്ക് മടങ്ങുകയും ചെയ്തു.
വിമാനത്താവളത്തിലെങ്കിലും തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് വെയ് പറയുന്നത്.

 

Latest News