Sorry, you need to enable JavaScript to visit this website.

മുന്നറിയിപ്പില്ലാതെ അക്കൗണ്ട് പൂട്ടിയാല്‍ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാമെന്ന് കേന്ദ്രം

ന്യൂദല്‍ഹി- ചട്ടം ലംഘിച്ചെന്ന് പറഞ്ഞ് യൂസര്‍മാരുടെ അക്കൗണ്ടുകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിയാല്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സമൂഹമാധ്യമ കമ്പനികള്‍ക്ക് നിയമവിരുദ്ധമായ കണ്ടന്റ് നീക്കാന്‍ മാത്രമെ വകുപ്പുള്ളൂവെന്നും അക്കൗണ്ട് പൂര്‍ണമായും പൂട്ടാന്‍ അധികാരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. യൂസര്‍ പോസ്റ്റ് ചെയ്യുന്ന ഭൂരിപക്ഷം ഉള്ളടക്കവും നിയമവിരുദ്ധമാണെങ്കില്‍ മാത്രമെ അക്കൗണ്ട് പൂട്ടുന്ന നടപടി സ്വീകരിക്കാവൂ എന്നും സര്‍ക്കാര്‍ അറിയിച്ചു. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ പൂട്ടിയതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു പറ്റം ഹര്‍ജികളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം കോടതിയില്‍ മറുപടി പറഞ്ഞത്. 

മുന്‍കൂര്‍ നോട്ടീസില്ലാതെ അക്കൗണ്ട് പൂട്ടുന്നത് ഒരു പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയലാണ്. പൗരന്മാരുടെ അവകാശങ്ങളിലേക്ക് കടന്നുകയറുന്നില്ലെന്ന് അവര്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള പൗരന്മാരുടെ മൗലികാവകാശങ്ങള്‍ തടഞ്ഞാല്‍ അതിന് സമൂഹ മാധ്യമ കമ്പനികളെ ഉത്തരവാദികളായി കാണണം. ഇല്ലെങ്കില്‍ അത് ജനാധിപത്യ രാഷ്ട്രങ്ങളില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. സാങ്കേതിക മുന്നേറ്റം ഒരിക്കലും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് വിലങ്ങാകാന്‍ പാടില്ലെന്നും കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ വ്യക്തമാക്കി. 

ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 14, 19, 21 എന്നിവ പൗരന്മാര്‍ക്കുന്ന നല്‍കുന്ന അവകാശങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം വ്യക്തമാക്കി. എന്തുകൊണ്ടാണ് നടപടി സ്വീകരിക്കുന്നതെന്ന് സമൂഹ മാധ്യമ കമ്പനി യൂസര്‍ക്ക് മുന്‍കൂറായി അറിയിപ്പ് നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ചട്ടം ലംഘനത്തിന്റെ പേരില്‍ ഏകപക്ഷീയമായി കമ്പനി ഒരു യൂസര്‍ അക്കൗണ്ടിനെതിരെ നടപടി സ്വീകരിച്ചാല്‍ അതിനെതിരെ നിയമപരമായി നീങ്ങാന്‍ യൂസര്‍ക്ക് അവസരമുണ്ട്. ബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, ഭീകരവാദം, മാല്‍വെയര്‍ തുടങ്ങിയ പരിമിത കണ്ടന്റുകളുടെ കാര്യത്തിലൊഴികെ കമ്പനിക്ക് യൂസറെ തടയാന്‍ വകുപ്പില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Latest News