ലുലു ഗ്രൂപ് അടുത്ത വര്‍ഷം ഷെയര്‍മാര്‍ക്കറ്റിലേക്ക്

റിയാദ്- മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ഷെയര്‍മാര്‍ക്കറ്റിലേക്ക്. കമ്പനിയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് അടുത്ത വര്‍ഷം നടക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് ബില്യന്‍ ഡോളറിലധികം മൂല്യമുള്ള ഈ ഗ്രൂപ് സാധ്യതയുള്ള ലിസ്റ്റിംഗുകളെ സംബന്ധിച്ച് ആഗോള ബാങ്കുകളോട് അന്വേഷിച്ച് വരികയാണ്. ഗള്‍ഫ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഒന്നിലധികം ലിസ്റ്റിംഗുകള്‍ കമ്പനി തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്. ഗ്രൂപ് ഭാഗികമായോ മുഴുവനായോ ലിസ്റ്റ് ചെയ്യാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
1990 കളുടെ തുടക്കത്തിലാണ് എം.എ യൂസുഫലി ലുലു ഗ്രൂപ് സ്ഥാപിച്ചത്. ഇപ്പോള്‍ ഷോപ്പിംഗ് മാള്‍, ഹോസ്പിറ്റാലിറ്റി, ഷിപിംഗ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെല്ലാം ലുലു പ്രവര്‍ത്തിക്കുന്നുണ്ട്. 57000ത്തിലധികം പേര്‍ ജോലി ചെയ്യുന്നു. മിഡില്‍ ഈസ്റ്റ്, ഏഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 22 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇനീഷ്യല്‍ പബ്ലിക് ലിസ്റ്റിംഗിനെ കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ പറഞ്ഞു.

Latest News