മുഖ്യമന്ത്രി ആദിത്യനാഥിന്റെ ശ്രദ്ധ  ക്ഷേത്രങ്ങളില്‍ മാത്രമെന്ന് സ്വന്തം മന്ത്രി

ലഖ്നൗ- ഉത്തര്‍ പ്രദേശില്‍ കൈപ്പേറിയ പരാജയം രുചിച്ച ശേഷം സഖ്യ കക്ഷികള്‍ ഒന്നൊന്നായി ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. മോഡി മുക്ത ഭാരത്തിനായി രാജ് താക്കറെയുടെ ആഹ്വാനത്തിനും ബിജെപി തിരുത്തണമെന്ന രാം വിലാസ് പാസ്വാന്റെ ആവശ്യത്തിനും ശേഷം യുപിയിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമവുമായി മറ്റൊരു സഖ്യകക്ഷി കൂടി രംഗത്തെത്തിയിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി തന്നെയാണ് രംഗത്തെത്തിയത്. 

പാവങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷേത്രങ്ങളില്‍ മാത്രമാണെന്ന് മന്ത്രി ഒ.പി. രാജ്ഭര്‍ ആരോപിച്ചു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനു പകരം കുറെ വാചകമടി മാത്രമാണ് നടക്കുന്നതെന്നും സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ രാജ്ഭര്‍ പറഞ്ഞു. യുപിയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് രാജ്ഭറിന്റെ പാര്‍ട്ടി. ബിജെപി സഖ്യ ധര്‍മ്മം പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 325 സീറ്റില്‍ ജയിച്ച ഇക്കൂട്ടര്‍ അഹങ്കാരികളായി മാറിയിരിക്കുകയാണെന്നും രാജ്ഭര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന രാജ്യസഭാ വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

Latest News