ന്യൂദല്‍ഹി- പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്തി ബി.ജെ.പി ഒരു സംസ്ഥാനവും ഭരിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍. പശ്ചിമ ബംഗാളില്‍ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചാണ് അമിത്ഷായുടെ പ്രസ്താവന.
ആശയങ്ങള്‍, പദ്ധതികള്‍, നേതൃത്വത്തിന്റെ ജനപ്രീതി, സര്‍ക്കാരിന്റെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയാണ് ബി.ജെ.പി എല്ലായിടത്തും തെരഞ്ഞെടുപ്പിനെ നേരിടുന്നതും വിജയിക്കാന്‍ ആഗ്രഹിക്കുന്നതും. അല്ലാതെ, എതിരാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടുകൊണ്ടല്ലെന്നും അമിത് ഷാ പറഞ്ഞു.
ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. എല്ലായിടത്തും സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അത് ലക്ഷ്യമിട്ടുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പാര്‍ട്ടികളും അവരുടെ ആശയങ്ങളും പരിപാടികളും പ്രകടനവുമായി എല്ലാ സ്ഥലങ്ങളിലും പോകണം, ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. തൃണമൂല്‍ എംപി സൗഗത റോയിയുടെ പരാമര്‍ശങ്ങളോടുള്ള പ്രതികരണമായി അമിത് ഷാ പറഞ്ഞു.
അധികാരം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്കേ എതിര്‍പാര്‍ട്ടിക്കാരെ ഭയമുണ്ടാകൂ. അവര്‍ ജനാധിപത്യത്തിന്റെ വാക്താക്കളല്ലെന്നും അദ്ദേഹം പറഞ്ഞു.






