അപൂര്‍വസംഭവം; ഉത്തരവുകള്‍ സ്‌റ്റേ ചെയ്യുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെതിരെ ജഡ്ജി സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- ഡിവിഷന്‍ ബെഞ്ച് തന്റെ ഉത്തരവുകള്‍ സ്‌റ്റേ ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി കല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ സുപ്രീം കോടതിയെ സമീപിച്ചു.
താന്‍ നല്‍കിയ സമീപകാല ഉത്തരവുകളില്‍ ചിലത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ ഭാഗത്തുനിന്നുള്ള അപൂര്‍വ നടപടി.
പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക,അനധ്യാപക ജീവനക്കാരുടെ നിയമനത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ഗംഗോപാധ്യായയുടെ സിംഗിള്‍ ബെഞ്ച് സി.ബി.ഐയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തു.

ഇതിനു പിന്നാലെ അധ്യാപക നിയമന കേസില്‍ എസ്.എസ്.സിയുടെ ഉപദേശകനായിരുന്ന ശാന്തി പ്രസാദ് സിംഗിന്റെ സ്ഥാവര, ജംഗമ സ്വത്തുക്കളുടെ കണക്ക് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച്  ഈ ഉത്തരവും സ്‌റ്റേ ചെയ്തു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തല്‍പര കക്ഷികള്‍ക്കുവേണ്ടിയാണ് ഡിവിഷന്‍ ബെഞ്ച് തന്റെ ഉത്തരവുകള്‍ക്ക് തടസ്സം നില്‍ക്കുന്നതെന്ന് ആരോപിച്ച് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ സുപ്രീം കോടതിയുടെ ഇടപെടല്‍ തേടിയിരിക്കുന്നത്.

 

Latest News