Sorry, you need to enable JavaScript to visit this website.

ആള്‍കൂട്ടക്കൊല യുഎസില്‍ ഇനി വിദ്വേഷ കുറ്റകൃത്യം; ബില്ലില്‍ ബൈഡന്‍ ഒപ്പിട്ടു

വാഷിങ്ടന്‍- യുഎസില്‍ പൗരാവകാശ സംഘടനകളും പ്രവര്‍ത്തകരും ഒരു നൂറ്റാണ്ടിലേറെയായി ആവശ്യപ്പെട്ടു വരുന്ന ആള്‍ക്കുട്ടക്കൊല വിരുദ്ധ നിയമം ഒടുവില്‍ പാസായി. പ്രസിഡന്റ് ജോ ബൈഡന്‍ ബില്ലില്‍ ഒപ്പിട്ടതോടെ രാജ്യത്ത് ആള്‍ക്കൂട്ടക്കൊല ഒരു വിദ്വേഷ കുറ്റകൃത്യമായി മാറി. യുഎസ് കോണ്‍ഗ്രസ് 120 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യമായി ആള്‍ക്കുട്ടക്കൊല വിരുദ്ധ നിയമം പരിഗണിച്ചത്. എന്നാല്‍ ഇതുവരെ ഈ നിയമം 200ഓളം തവണ പാസാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ആള്‍ക്കൂട്ടക്കൊലക്കെതിരെ യുഎസില്‍ പൗരാവകാശ സമരങ്ങള്‍ക്ക് തുടക്കമിട്ടത് 1955ല്‍ എമെറ്റ് ടില്‍ എന്ന കറുത്ത വര്‍ഗക്കാരനായ കൗമാരക്കാരന്‍ ആള്‍കൂട്ടക്കൊലയ്ക്ക് ഇരയായതോടെയാണ്. ആള്‍ക്കൂട്ടക്കൊല വിരുദ്ധ നിയമത്തിനു നല്‍കിയിരിക്കുന്ന പേരും എമെറ്റ് ടില്‍ ആള്‍ക്കൂട്ടക്കൊല വിരുദ്ധ നിയമം എന്നാണ്.

ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വച്ചാണ് ബൈഡന്‍ ബില്ലില്‍ ഒപ്പു വച്ചത്. കൂടെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, കോണ്‍ഗ്രസ് അംഗങ്ങല്‍, നിയമ വകുപ്പിലെ ഉന്നതര്‍, എമെറ്റ് ടില്ലിന്റെ ബന്ധു റവ. വീലര്‍ പാര്‍ക്കര്‍, ആള്‍ക്കുട്ടക്കൊല നിരന്തരം റിപോര്‍ട്ട് ചെയ്തിരുന്ന കറുത്ത വര്‍ഗക്കാരനായ ജേണലിസ്റ്റ് ഇഡ ബി വെല്‍സിന്റെ ഒരു ബന്ധു എന്നിവരും ഈ ഒപ്പിടല്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. എമെറ്റ് ടിലിനെ കൊല്ലാനായി തട്ടിക്കൊണ്ടു പോകുമ്പോള്‍ കസിനായ വീലര്‍ പാര്‍ക്കറും കൂടെ ഉണ്ടായിരുന്നു. 

1877നും 1950നുമിടയില്‍ യുഎസില്‍ 4400ലേറെ കറുത്ത വര്‍ഗക്കാരെ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.
 

Latest News